ദുബായിലും മഴ പെയ്തു. അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് ഏപ്രിൽ 16 ചൊവ്വാഴ്ച എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും വിദൂര പഠനം നടത്താൻ എമിറേറ്റ്‌സ് സ്കൂൾ എജ്യുക്കേഷൻ ഫൗണ്ടേഷൻ ഉത്തരവിട്ടു. ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്ന് സർക്കാർ സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിട്ടുമുണ്ട്. എമിറേറ്റ്‌സ് സ്കൂൾ എജ്യുക്കേഷൻ ഫൗണ്ടേഷൻ്റെ അറിയിപ്പ് വന്നതിന് പിന്നാലെ, യുഎഇയിലെ എല്ലാ പബ്ലിക് സ്‌കൂളുകളും വിദൂരമായി പ്രവർത്തിക്കാൻ ദുബായ് കിരീടാവകാശിയും എക്‌സിലൂടെ നിർദേശിച്ചിട്ടുണ്ട്.
യുഎഇയിലുടനീളമുള്ള പൊതുവിദ്യാലയങ്ങൾ ഏപ്രിൽ 16 ചൊവ്വാഴ്ചയും ഏപ്രിൽ 17 ബുധനാഴ്ചയും വിദൂര പഠനം നടത്തും. മഴ ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലെ സ്വകാര്യമേഖലാ കമ്പനികളോട് പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാനും ബുദ്ധിമുട്ടുള്ള ഔട്ട്ഡോർ വർക്കുകൾ ചെയ്യുമ്പോൾ മുൻകരുതൽ എടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഷാർജയിലും മഴ തുടരുന്ന സാഹചര്യത്തിൽ പ്രൈവറ്റ് സ്കൂളുകൾക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ, റാസൽഖൈമയിലെ പ്രാദേശിക എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ ടീം എമിറേറ്റിലെ സർക്കാർ സ്ഥാപനങ്ങൾക്കുള്ള ക്ലാസുകൾ വിദൂര പഠനത്തിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു.