ഹജ്ജ് തീർത്ഥാടകർക്ക് സുഗമമായ യാത്ര വാഗ്ദാനം ചെയ്യുന്നതിനായി ദുബായ് വിമാനത്താവളത്തിൽ പ്രത്യേക ചെക്ക്-ഇൻ, ഇമിഗ്രേഷൻ കൗണ്ടറുകൾ ഒരുക്കി. ചെക്ക്-ഇൻ, പാസ്‌പോർട്ട് നിയന്ത്രണങ്ങൾ എന്നിവയ്ക്കായി പ്രത്യേക കൗണ്ടറുകളും പ്രത്യേക പുറപ്പെടൽ ഗേറ്റുകളുമാണ് ആരംഭിച്ചത്. ബലിപെരുന്നാൾ അവധിയുടെയും വേനൽ അവധിയുടെയും ഭാഗമായി വിമാനത്താവളത്തിലുണ്ടാകുന്ന തിരക്കുകളിൽ നിന്ന് തീർത്ഥാടകരെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
ഹജ്ജ് തീർത്ഥാടകർക്ക് എയർപോർട്ടിൽ പ്രവേശിക്കുന്നത് മുതൽ പുറപ്പെടുന്ന ഗേറ്റുകളിൽ എത്തുന്നതുവരെ ഒരു സ്വകാര്യ ഇടനാഴിയുണ്ടെന്ന് ദുബായ് എയർപോർട്ടിലെ ഹജ്ജ് കമ്മിറ്റി തലവൻ മുഹമ്മദ് അൽ മർസൂഖി വ്യക്തമാക്കി. അതോടൊപ്പം ഓരോ എയർലൈനിനും ഒരു പ്രത്യേക ടെർമിനലും ഒരു നിയുക്ത ഏരിയയും അനുവദിച്ചിട്ടുണ്ട്. അതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യാനും സാധിക്കും.
ഹജ്ജ് തീർത്ഥാടകർ തങ്ങളുടെ വിമാനം പുറപ്പെടുന്ന സമയത്തിന് നാല് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തണമെന്ന് അധികൃതർ നിർദേശിച്ചു. വിമാനത്താവളത്തിൽ എത്തുന്നവർക്ക് രക്തസമ്മർദ്ദവും ഷുഗർ ഉൾപ്പെടെയുള്ള പരിശോധനകളും അവിടെ നടത്തുന്നുണ്ട്. കൂടാതെ കുടകളും വെള്ളക്കുപ്പികളും വിതരണം ചെയ്യുകയും ചെയ്യും. തീർത്ഥാടകർ പാസ്‌പോർട്ട്, ഹജ്ജ് പെർമിറ്റ്, വാക്‌സിനേഷൻ കാർഡുകൾ എന്നിവ കൈവശം വയ്ക്കണമെന്നും അധികൃതർ വ്യക്തമാക്കി.