ഇന്നു മുതല്‍ യാത്രക്കാരുടെ തിരക്കേറുന്നതിനാൽ ദുബൈ വിമാനത്താവളം വഴി വരും ദിവസങ്ങളില്‍ യാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ക്കായി പ്രത്യേക അറിയിപ്പുമായി അധികൃതര്‍. ജനുവരി മൂന്ന് വരെയുള്ള ദിവസങ്ങളിൽ ഇരുപത് ലക്ഷത്തോളം യാത്രക്കാര്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. ജനുവരി രണ്ടായിരിക്കും ഏറ്റവും തിരക്കുള്ള ദിവസം.
അവധി ദിവസങ്ങളും പുതുവര്‍ഷാഘോഷങ്ങള്‍ക്കായി ദുബായില്‍ എത്തുന്നവരുടെ തിരക്കും കാരണമുണ്ടാകുന്ന അസാധാരാണ സാഹചര്യം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവാതിരിക്കാനാണ് പ്രത്യേക അറിയിപ്പ്.
കുടുംബത്തോടൊപ്പവും 12 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കൊപ്പവും യാത്ര ചെയ്യുന്നവര്‍ക്ക് വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിച്ച് പാസ്പോര്‍ട്ട് പരിശോധന കൂടുതല്‍ വേഗത്തിലാക്കാൻ സാധിക്കും. വിമാനത്താവളത്തിലേക്കുള്ള റോഡുകളിൽ തിരക്കേറുന്നതിനാല്‍ വിമാനത്താവളത്തില്‍ എത്താൻ നേരത്തെ പുറപ്പെടണം.
ടെര്‍മിനല്‍ 1 വഴിയാണ് യാത്രയെങ്കിൽ വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തണം. ഓണ്‍ലൈന്‍ സേവനങ്ങളും സെല്‍ഫ് സര്‍വീസ് ഓപ്ഷനും പരമാവധി ഉപയോഗിക്കണം. ടെര്‍മിനല്‍ 3 വഴി യാത്ര ചെയ്യുന്നവർ എമിറേറ്റ്സിൻ്റെ ഏര്‍ളി ചെക്കിന്, സെല്‍ഫ് സര്‍വീസ് ചെക്കിന് സംവിധാനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.
ലഗേജിൻ്റെ ഭാരം വീട്ടില്‍ തന്നെ പരിശോധിച്ച് ക്രമീകരിക്കുകയും രേഖകള്‍ എല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തുകയും സുരക്ഷാ പരിശോധനയ്ക്ക് സജ്ജമാവുകയും ചെയ്യണം. വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് പരമാവധി മെട്രോ ഉപയോഗിക്കണമെന്നും അറിയിപ്പുണ്ട്. ഡിസംബര്‍ 31നും ജനുവരി ഒന്നിനും മെട്രോ ഏകദേശം മുഴുവന്‍ സമയവും സർവീസ് നടത്തും. യാത്രയാക്കാൻ ഒപ്പം വരുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും അറിയിപ്പില്‍ പറയുന്നു.