ഗതാഗത മേഖലയിലെ ഏറ്റവും വലിയ മുന്നേറ്റമായ ഡ്രൈവറില്ലാ വാഹനങ്ങളുടെ പുതുഘട്ടത്തിലേക്ക് ചുവടുവെച്ച് ഖത്തർ ഗതാഗത മന്ത്രാലയം. ഡ്രൈവറില്ലാതെ ഓടുന്ന ഓട്ടോണമസ് വാഹന ശ്രേണിയായ ‘ലെവൽ ത്രീ’ക്ക് അനുസൃതമായി അടിസ്ഥാന സൗകര്യം തയ്യാറാക്കുന്നതിന്റെ അടുത്ത ഘട്ടം സംബന്ധിച്ച് വിശദാംശങ്ങൾ അധികൃതർ പങ്കുവെച്ചു.
ഡ്രൈവറില്ലാതെ നഗരത്തിരക്കിൽ ഓടാനും സർവീസ് നടത്താനും കഴിയുന്ന വാഹനങ്ങളാണ് ലെവൽ 3 ഓട്ടോണമസ് വാഹനങ്ങൾ. എന്നാൽ ലെവൽ ത്രീയിൽ സിസ്റ്റം പരാജയപ്പെടുകയാണെങ്കിൽ ഡ്രൈവർ നിയന്ത്രണം ഏറ്റെടുക്കാൻ സജ്ജമായിരിക്കും. കൂടാതെ ഹൈവേകളിലെ ദീർഘദൂര ഓട്ടങ്ങൾക്കും സജ്ജമായ രീതിയിലായിരിക്കും ലെവൽ 3 ഓട്ടോമേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഒന്ന് മുതൽ അഞ്ച് വരെയുള്ള തലങ്ങളിലാണ് ഓട്ടോണമസ് വാഹനങ്ങൾ വർഗീകരിക്കപ്പെടുന്നത്. ഉദാഹരണമായി ലെവൽ അഞ്ചിൽ വാഹനത്തിന് ഡ്രൈവറുടെ ആവശ്യമില്ലാത്തതിനാൽ മനുഷ്യ ഇടപെടൽ തീരെ കുറയും. എന്നാൽ ലെവൽ അഞ്ച് ലോകത്തിൽ എവിടെയും ഇതുവരെ നടപ്പാക്കിയിട്ടില്ല എന്ന പ്രത്യേകതയുണ്ട്.
ഓട്ടോണമസ് വാഹനങ്ങൾ എന്ന പദ്ധതിക്ക് കീഴിൽ ഖത്തറിലെ ലെവൽ 3 ഓട്ടോണമസ് വാഹനങ്ങളുടെ അടിസ്ഥാന സൗകര്യമൊരുക്കുന്നതായി പൊതു ഗതാഗത വകുപ്പ് പ്രൊജക്ട് മാനേജർ മിസ്നദ് അലി അൽ മിസ്നദ് അറിയിച്ചു. അതിവേഗം വികസിക്കുന്ന ഓട്ടോണമസ് വാഹനങ്ങളുടെ സാങ്കേതികവിദ്യക്ക് അനുസൃതമായി എപ്പോഴും ഉപയോഗിക്കാൻ കഴിയുന്ന അടിസ്ഥാന സൗകര്യ വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വരും വർഷങ്ങളിലും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മികച്ചതും പാരിസ്ഥിതിക സൗഹൃദവുമായ ട്രാൻസിറ്റ് സംവിധാനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യം മുൻനിർത്തി ഈ വർഷം സെപ്തംബറിലാണ് ഗതാഗത മന്ത്രാലയം ഓട്ടോണമസ് വെഹിക്കിൾ സ്ട്രാറ്റജിക്ക് തുടക്കം കുറിച്ചത്.