സീബ്രാ ക്രോസിങ് ഇല്ലാത്ത റോഡിലൂടെ ക്രോസ് ചെയ്‌ത രണ്ട് കാൽനടയാത്രക്കാർക്ക് 400 ദിർഹം പിഴ ചുമത്തി ദുബായ് ട്രാഫിക് കോടതി. അതേമസമയം ഇവർ കടന്നുപോകുമ്പോൾ ഒരു വാഹനം നിർത്തികൊടുക്കാതെ ഇവരെ ഇടിക്കുകയും ചെയ്തിരുന്നു. ഈ കുറ്റത്തിന് വാഹനം ഓടിച്ച ഡ്രൈവർക്ക് 2000 ദിർഹവും പിഴ ചുമത്തി.
ഏഷ്യക്കാരായ കാൽനടയാത്രക്കാർക്ക് നിയുക്തമല്ലാത്ത സ്ഥലത്ത് റോഡ് ക്രോസ് ചെയ്തതിനാണ് അവർക്കെതിരെ പിഴ ചുമത്തിയത്. കാൽനടയാത്രക്കാരുടെ ഈ പ്രവൃത്തി ഡ്രൈവറുടെ ശ്രദ്ധ പോകാനും വാഹനം ഇടിക്കാനും കാരണമാവുകയും ചെയ്തു. വാഹനത്തിന് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.
ഡ്രൈവർ ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതും മറ്റ് റോഡ് ഉപയോക്താക്കളെ മാനിക്കാത്തതുമാണ് വാഹനം ഇടിക്കാൻ കാരണമായതെന്ന് കോടതി ആരോപിച്ചു. ഈ വാഹനം ഇടിച്ചത് മൂലം കാൽനട യാത്രക്കാർക്ക് പരിക്കേറ്റതായും മെഡിക്കൽ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിരുന്നു.