ഷിരൂരിൽ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുന്റെ ലോറി പുഴയിലേയ്ക്ക് നിരങ്ങി വീഴുന്നത് കണ്ടെന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. ഗംഗാവലി പുഴയിൽ ഒഴുകി വരുന്ന വിറക് ശേഖരിക്കാൻ വന്ന നാഗേഷ് ഗൗഡ എന്നയാളാണ് മരത്തടി കയറ്റിവന്ന ലോറി ഗംഗാവലി പുഴയിലേയ്ക്ക് വീഴുന്നത് കണ്ടതായി വെളിപ്പെടുത്തിയിരിക്കുന്നത്. പുഴയുടെ അരികിൽ തന്നെ ലോറി ഉണ്ടാവാമെന്നും നാഗേഷ് വ്യക്തമാക്കി. അതേസമയം, സിഗ്നൽ ലഭിച്ചതനുസരിച്ച് ഇതേ സ്ഥലത്ത് അർജുനായുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
താൻ പുഴക്കരയിൽ ഇരിക്കവെയാണ് കുന്നിടിഞ്ഞതെന്നാണ് നാഗേഷ് ഗൗഡ പറഞ്ഞത്. “കുന്നിൽ നിന്ന് ഇടിഞ്ഞു വീണ മണ്ണിനൊപ്പം മരത്തടി കയറ്റിയ ഒരു ലോറിയും പുഴയോരത്തേക്ക് നീങ്ങി വരുന്നത് കണ്ടു. കുന്നിടിഞ്ഞ് വന്ന മണ്ണിനോടൊപ്പം പുഴയുടെ തീരത്തുണ്ടായിരുന്ന ചായക്കടയാണ് ആദ്യം പുഴയിലേക്ക് പതിച്ചത്. പിന്നാലെയാണ് തടി കയറ്റിയ ഒരു ലോറി പുഴയിലേക്ക് വീഴുന്നത് കണ്ടത്. ഇതേസമയം, കുന്നിൻ്റെ മുകളിലുണ്ടായിരുന്ന ഹൈ ടെൻഷൻ ഇലക്ട്രിക് പോസ്‌റ്റും പൊട്ടി താഴേക്ക് വരുന്നുണ്ടായിരുന്നു. ഈ ലൈൻ പുഴയിലേക്ക് വീണ ഉടനെ വെള്ളം പെട്ടെന്ന് സുനാമി പോലെ ഉയർന്ന് കരയിലേയ്ക്ക് ഇരച്ചുകയറി വീടുകൾ തകർത്തു” എന്നാണ് നാഗേഷ് പറഞ്ഞത്.
ലോറി എതിർ ദിശയിലേയ്ക്കായതിനാൽ ലോറിയുടെ പിറകുവശവും ലോറിയിലെ വിറകും മാത്രമാണ് കണ്ടതെന്നും ലോറിയുടെ നിറം ഏതാണെന്ന് മനസിലായില്ലെന്നും നാഗേഷ് വ്യക്തമാക്കി. നാഗേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഹൈ ടെൻഷൻ ലൈൻ പൊട്ടിവീണതാണോ എൽപിജി ടാങ്കർ പൊട്ടിത്തെറിച്ചതാണോ പുഴയിൽ സ്ഫോടനത്തിന് കാരണമായതെന്ന് പരിശോധിക്കേണ്ടി വരും. അതേസമയം, ഇന്ന് അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് രക്ഷാസംഘം.