ദുബായിൽ ഡെലിവറി ജീവനക്കാരുടെ എസി വിശ്രമകേന്ദ്രങ്ങളിൽ വായുവിൽ നിന്ന് കുടിവെള്ളം ഉത്പാദിപ്പിക്കുന്ന എയർ ടു വാട്ടർ ഡിസ്പെൻസറുകൾ സ്ഥാപിച്ചു. അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുത്ത് തണുപ്പിച്ച് കുടിവെള്ളമാക്കി മാറ്റുന്ന സാങ്കേതികവിദ്യയാണിത്.
പ്രതിദിനം 100 ലിറ്റർ കുടിവെള്ളം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള സംവിധാനമാണ് സ്ഥാപിച്ചത്. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർ.ടി.എ.) മജീദ് അൽ ഫുതൈം ഗ്രൂപ്പും സംയുക്ത കരാർ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഒരു വിശ്രമകേന്ദ്രത്തിൽ മൂന്ന് എയർ ടു വാട്ടർ ഡിസ്‌പെൻസറുകളാണ് സ്ഥാപിക്കുന്നത്.
അതേസസമയം രാജ്യത്തെ ഡെലിവറി ജീവനക്കാർക്കായി 40 എസി വിശ്രമകേന്ദ്രങ്ങൾ കൂടി നിർമിക്കുമെന്ന് ആർടിഎ ലൈസൻസിങ് ഏജൻസി സിഇഒ. അബ്ദുല്ല യൂസഫ് അൽ അലി വ്യക്തമാക്കി. നിലവിൽ ആറായിരം ആധുനിക വിശ്രമകേന്ദ്രങ്ങളാണ് യുഎഇയിലുള്ളത്. വിശ്രമകേന്ദ്രങ്ങൾ കണ്ടെത്താൻ ജീവനക്കാർക്ക് ഇൻ്ററാക്ടീവ് മാപ്പും പുറത്തിറക്കിയിട്ടുണ്ട്.
യുഎഇയിലെ കനത്തവെനലിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന വിഭാഗമാണ് ഡെലിവറി ജീവനക്കാർ. ഇവർക്കായി ഒട്ടേറെ സംരക്ഷണപദ്ധതികൾ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം നടപ്പാക്കുന്നുണ്ട്.