ഇന്നലെ അന്തരിച്ച പ്രശസ്ത ഹിന്ദു മത പ്രഭാഷകനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകനുമായ ഡോ. എൻ ഗോപാലകൃഷ്ണന്റെ സംസ്കാരം ഇന്നു നടക്കും. രാവിലെ 11 ന് മേക്കര തുളു ബ്രാഹ്മണ സമാജം ശ്മശാനത്തിലാണ് സംസ്കാരം.
സിഎസ്‌ഐആർ മുൻ സീനിയർ സയന്റിസ്റ്റാണ് ഡോ. ഗോപാലകൃഷ്ണൻ. ഫാർമക്കോളജി കെമിസ്ട്രിയിലും അപ്ലൈഡ് കെമിസ്ട്രിയിലും ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം പിഎച്ച്‌ഡിയും സംസ്കൃതത്തിൽ ഡിലിറ്റും നേടി. 150 ലേറെ പുസ്തകങ്ങൾ രചിച്ചു.
ഭാരതീയ വിചാരധാര, ഭാരതീയ ഈശ്വരസങ്കൽപം തുടങ്ങിയവ പ്രമുഖ കൃതികളാണ്. ഭാരതീയ പൈതൃകത്തെക്കുറിച്ചും ചിന്താധാരകളെക്കുറിച്ചും രാജ്യത്തും വിദേശ രാജ്യങ്ങളിലുമായി ആയിരക്കണക്കിനു പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് വീട്ടിൽ കുഴഞ്ഞുവീണ ഗോപാലകൃഷ്ണനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി ഒമ്പതുമണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ഒരു മാസമായി ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നു.