ഇക്കഴിഞ്ഞ ദിവസമാണ് കോളേജ് പരിപാടിക്കിടെ ഗായകൻ ജാസി ഗിഫ്റ്റിനെ പ്രിൻസിപ്പൽ അപമാനിച്ചത്. തുടർന്ന് അദ്ദേഹം വേദി വിട്ടിറങ്ങുകയും ചെയ്തിരുന്നു. ഈ വീഡിയോ സോഷ്യൽമീഡിയയിൽ വളരെ വേഗമാണ് പ്രചരിച്ചത്. പിന്നാലെ ജാസിയ്ക്ക് ഐക്യഡാർഢ്യവുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ നിരന്നു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് പ്രധാനാധ്യാപിക ഡോ ബിനൂജ ജോസഫാണ് ജാസി ഗിഫ്റ്റിൽ നിന്ന് മൈക്കി പിടിച്ച് വാങ്ങിയത്. വിഷയത്തിൽ ഇപ്പോൾ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രിൻസിപ്പാൾ.
കോളേജ് ഡേ പരിപാടിയുടെ മുഴുവൻ ഉത്തരവാദിത്തം എനിക്കായിരുന്നുവെന്നും കോളേജിനുള്ളിൽ ഡി ജെ പരിപാടിയും ആളുകൾ കൂടുന്ന പരിപാടിയും നടത്തരുതെന്ന് സർക്കുലർ ഉണ്ടായിരുന്നുവെന്നും പ്രിൻസിപ്പാൾ വിശദീകരിക്കുന്നു. ജാസി ഗിഫ്റ് മാത്രമാണ് പാടുന്നത് എന്നാണ് പരിപാടിയുടെ സംഘാടനം ഏറ്റെടുത്ത വിദ്യാർത്ഥികൾ പറഞ്ഞതെന്നും അർഹിക്കുന്ന എല്ലാ ബഹുമാനവും നൽകിയാണ് അദ്ദേഹത്തെ സ്വീകരിച്ചതും വേദിയിൽ കൊണ്ട് പോയതുമെന്നും പ്രിൻസിപ്പാൾ വിശദീകരിക്കുന്നു.
രണ്ടാമത്തെ ഗാനം പാടി കഴിഞ്ഞതിന് ശേഷമാണ് ഞാൻ വേദിയിൽ ചെന്നത്. പക്ഷേ അപ്പോഴേക്കും പാട്ട് തുടങ്ങിയിരുന്നു. മൈക്ക് അനുവാദം ചോദിച്ചാണ് വാങ്ങിയതെന്നും തട്ടി പറിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. സാർ ഒറ്റയ്ക് പാടുകയാണെങ്കിൽ പരിപാടി തുടർന്നു കൊള്ളാൻ പറഞ്ഞതാണ്. പക്ഷേ അദ്ദേഹത്തിന് ഒറ്റയ്ക് പാടാൻ കഴിയില്ല എന്നാണ് പറഞ്ഞത്. കോളേജ് റൂൾ പ്രകാരമാണ് പ്രവർത്തിച്ചതെന്നും അദ്ദേഹത്തിന് അതൊരു അപമാനമായി തോന്നിയതിൽ ഖേദമുണ്ടെന്നും ഡോ ബിനൂജ ജോസഫ് വിശദീകരിക്കുന്നു. എന്നാൽ പരിപാടി അവതരിപ്പിക്കുന്നതിനിടെ മൈക്ക് പിടിച്ച് വാങ്ങി പരിപാടി നിർത്താൻ ആവശ്യപ്പെട്ടുവെന്നും ആദ്യമായി ആണ് ഇങ്ങനെയൊരു അനുഭവം ഉണ്ടായതെന്നുമാണ് ജാസി ഗിഫ്റ്റ് സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരുന്നത്.