യുഎഇയിലെ ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം ഏപ്രിൽ ഒന്നിന് ശേഷം ഇലക്ട്രോണിക് സംവിധാനം വഴി കൈമാറേണ്ടിവരുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഗാര്‍ഹിക തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് നീക്കം. കമ്പനികൾക്കുമാത്രമല്ല വ്യക്തിഗതമായും പുതിയ തീരുമാനം ബാധകമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
2023 ഏപ്രിൽ 1 മുതല്‍ പട്ടികയില്‍ ഉൾപ്പെട്ട അഞ്ച് വിഭാഗങ്ങളിലെ വീട്ടുജോലിക്കാർക്ക് തൊഴിലുടമകൾ WPS വഴി വേതനം നൽകണം. പട്ടികയില്‍ ഉൾപ്പെട്ട സ്റ്റാഫ് അംഗങ്ങൾക്ക് നിലവിലുള്ളതുപോലെ പണമായി വേതനം നല്‍കാന്‍ കഴിയില്ല. മുമ്പ് നല്‍കിയ നിര്‍ദ്ദേശം പലരും പിന്തുടരാത്ത സാഹചര്യത്തിലാണ് നിര്‍ബന്ധമാക്കിയതെന്നും മന്ത്രാലയം വ്യക്തമാക്കി.
പട്ടികയില്‍ ഉൾപ്പെട്ടവര്‍
1. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഫാമുകളിൽ ജോലി ചെയ്യുന്നവരും ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ചുമതലപ്പെടുത്തിയവരുമായ ആളുകൾ,
2. കുടുംബങ്ങൾക്കായി പ്രവർത്തിക്കുന്ന അസിസ്റ്റന്റുമാർ. തൊഴിലുടമയുടെ ഇമെയിൽ നിരീക്ഷിക്കുക, അവരുടെ വ്യക്തിപരവും തൊഴിൽപരവുമായ മീറ്റിംഗുകൾ ആസൂത്രണം ചെയ്യുകയും സംഘടിപ്പിക്കുകയും അവരുടെ യാത്രകൾ നിയന്ത്രിക്കുകയും ചെയ്യുന്നത് പോലുള്ള ദൈനംദിന ജോലികളിൽ അവരെ സഹായിക്കുകയും ചെയ്യുന്നവര്‍.
3. വീട്ടുജോലിക്കാർ, 4.പേഴ്സണൽ ട്യൂട്ടർമാർ, 5.വ്യക്തിഗത പരിശീലകർ
ഗാര്‍ഹിക തൊഴിലുകളുടെ പട്ടിക
കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്ന ആളുകൾ, വ്യക്തിഗത അധ്യാപകർ, വ്യക്തിഗത പരിശീലകർ, സ്വകാര്യ നഴ്സുമാർ, വീട്ടുജോലിക്കാർ, സെക്യൂരിറ്റി ഗാർഡുകൾ, പാചകക്കാർ, നാനിമാർ, തോട്ടക്കാർ, ഡ്രൈവർമാർ, പൊതു ജോലി ചെയ്യുന്നവർ എന്നിവരുടെ ഉപവിഭാഗങ്ങൾക്കൊപ്പം ഒരു കുടുംബത്തിന്റെ ബോട്ട്/യോട്ട് പ്രവർത്തിപ്പിക്കുന്ന നാവികനും ബോട്ടുകാരനും, കുതിരയെ വളർത്തുന്നവർ, ഫാൽക്കൺ പരിശീലകർ, വീടിന് ചുറ്റും ശാരീരിക ജോലി ചെയ്യുന്ന ഏതൊരാളും, ലാൻഡ്സ്കേപ്പിംഗ് പരിപാലിക്കുന്ന ആളുകൾ
കന്നുകാലികളെ വളർത്തുകയും പരിപാലിക്കുകയും ചെയ്യുന്നവര്‍ തുടങ്ങി
ഗാർഹിക തൊഴിലാളികളുടെ വിഭാഗത്തെ 19 തൊഴിലുകളായും മന്ത്രാലയം തരംതിരിച്ചിട്ടുണ്ട്.
ബാങ്ക് അക്കൗണ്ടുകൾ വഴി
ബാങ്ക് അക്കൗണ്ടുകൾ വഴി വേതനം നല്‍കുന്ന സമ്പ്രദായമാണ് WPS. മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. അക്കൗണ്ടിലേക്ക് പണം കൈമാറുന്നതിന് എക്‌സ്‌ചേഞ്ച് ഹൗസുകളില്‍ കുറഞ്ഞ സേവന നിരക്ക് ഏര്‍പ്പെടുത്തുമെന്നും ഗാർഹിക തൊഴിലാളികളൾക്ക് സ്വദേശത്തേക്ക് സേവനനിരക്ക് ഇല്ലാതെ പണം കൈമാറ്റം ചെയ്യാന്‍ അനുവദിക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.
തൊഴിലാളി ജോലിക്ക് ഹാജരാകാത്ത സാഹചര്യങ്ങൾ, വിസ സ്പോൺസർ ചെയ്ത തൊഴിലുടമയ്ക്ക് വേണ്ടി ജോലി ചെയ്യാതിരിക്കല്‍, ഒപ്പിട്ട് 30 ദിവസത്തെ ജോലി പൂർത്തിയാക്കാത്ത സന്ദര്‍ഭങ്ങൾ, തുടങ്ങി പരാതികൾ ഉണ്ടെങ്കില്‍ തൊഴിലാളിക്ക് ബാങ്ക് അക്കൗണ്ടിൽ ശമ്പളം നല്‍കേണ്ടതില്ല. ശമ്പളം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന തൊഴിലുടമയെ കരിംമ്പട്ടികയില്‍ ഉൾപ്പെടുത്തും.