ദോഹ മെട്രോയുടെ റെഡ് ലൈൻ റൂട്ടിൽ അറ്റകുറ്റപ്പണി. ഇത് മൂലം വെള്ളിയാഴ്ച അധികൃതർ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർക്ക് പ്രത്യേകം ബസുകൾ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ റെഡ് ലൈൻ മെട്രോയ്ക്ക് പകരമായി മൂന്ന് റൂട്ടുകളിൽ മിനിറ്റുകളുടെ ഇടവേളയിൽ ബസ് സർവീസ് നടത്തുമെന്നും അറിയിപ്പുണ്ട്. അൽ വക്റ മുതൽ ലുസൈൽ ക്യൂഎൻബി വരെയാണ് റൂട്ട് ഒന്ന്.
അതേസമയം ലുസൈൽ ക്യൂഎൻബി മുതൽ അൽ വക്റ വരെ റൂട്ട് രണ്ട് സർവീസും നടത്തും. ഫ്രീ സോൺ-ഹമദ് വിമാനത്താവളത്തിന് ഇടയിൽ ഷട്ടിൽ സർവീസാണ് മൂന്നാമത്തെ റൂട്ട്. റൂട്ട് ഒന്നിലും രണ്ടിലും ഓരോ അഞ്ച് മിനിറ്റിലും ബസ് സർവീസ് ഉണ്ടായിരിക്കും. കൂടാതെ റൂട്ട് മൂന്നിൽ 15 മിനിറ്റ് ഇടവേളയിലും ബസ്സുകൾ സർവീസ് നടത്തും.
എന്നാൽ റാസ് ബൂ ഫന്തസ്, കതാറ സ്റ്റേഷനുകളിൽ ഈ ബസുകൾക്ക് സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. അതേസമയം മെട്രോ ലിങ്ക് സർവീസുകളായ എം 126, എം 129 എന്നി റാസ് ബു ഫന്തസിനു പകരം ഫ്രീ സോണിലേക്ക് സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കൂടാതെ മെട്രോ ലിങ്ക്, മെട്രോ എക്സ്പ്രസ് എന്നീ സർവീസുകൾ പതിവു പോലെ തന്നെ ലഭ്യമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.