വൻ വിജയമായി ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോ. ഇതുവരെ സന്ദർശകരുടെ എണ്ണം 25 ലക്ഷം കവിഞ്ഞതായി അധികൃതർ അറിയിച്ചു. ഒക്ടോബറിൽ എക്സ്പോ ആരംഭിച്ച ആദ്യ ദിനം മുതൽ മേഖലയിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും സന്ദർശകരുടെ പ്രധാന കേന്ദ്രമായി മാറിയ എക്സ്പോയിൽ ഏഷ്യൻ കപ്പ് വേളയിലും സന്ദർശകരുടെ വൻ തിരക്കാണ്. ഏറ്റവും ഒടുവിലെ റിപ്പോർട്ട് അനുസരിച്ച് 25 ലക്ഷം സന്ദർശകരെത്തിയതായി എക്സ്പോ ദോഹ സെക്രട്ടറി മുഹമ്മദ് അൽ ഖൂരി പറഞ്ഞു. ഏറ്റവും മികച്ച കാലാവസ്ഥ കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിൽ പ്രധാന ഘടകമായെന്നും അൽ ഖൂരി ചൂണ്ടിക്കാട്ടി.
അതേസമയം മൂന്നു ദശലക്ഷം സന്ദർശകരെയാണ് എക്സ്പോ ദോഹയിൽ പ്രതീക്ഷിച്ചിരുന്നതെന്ന് അടുത്തിടെ ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. സുഖകരമായ കാലാവസ്ഥയും ശൈത്യകാല അവധിയും ഒരുമിച്ചെത്തിയതിനാൽ കഴിഞ്ഞ മൂന്നു മാസങ്ങളിൽ നിരവധി സന്ദർശകരാണ് എക്സ്പോ കാണാനായി എത്തിയത്. മാത്രമല്ല, വരും മാസങ്ങളിലും സന്ദർശകരുടെ വർധനവ് പ്രതീക്ഷിക്കുന്നതായും എക്സ്പോ ദോഹ സെക്രട്ടറി ജനറൽ വ്യക്തമാക്കി.
എക്സ്പോയിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ വ്യത്യസ്ത സംസ്കാരങ്ങളും കാർഷികരീതികളും വിനോദസഞ്ചാര വ്യവസായവും അടുത്തറിയുന്നതിന് സന്ദർശകർക്ക് മികച്ച അവസരമാണ് എക്സ്പോ വാഗ്ദാനം ചെയ്യുന്നത്. എക്സ്പോ ഹൗസ് ഇതിനോടകം തന്നെ വാർത്തകളിൽ ഇടം നേടിയതായും അടുക്കളത്തോട്ടത്തിനും വീട്ടുമുറ്റത്തെ ലാൻഡ്സ്കേപ്പിങ്ങിനും പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. 4031 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള എക്സ്പോ ഹൗസ്, ഏറ്റവും വലിയ ഗ്രീൻ റൂഫിന് ഗിന്നസ് വേൾഡ് റെക്കോഡ് എന്ന നേട്ടവും കരസ്ഥമാക്കിയിരുന്നു.