ഖത്തറിന്റെ പരിസ്ഥിതി സൗഹൃദ എക്സ്പോ വൻ വിജയം. സന്ദർശകരുടെ പങ്കാളിത്തത്തിലും ആകർഷകമായ പരിപാടികളുമായി ദോഹ എക്സ്പോ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായി മാറിയെന്ന് മുനിസിപ്പാലിറ്റി വിഭാഗം മന്ത്രിയും എക്സ്പോ സംഘാടക സമിതി ചെയർമാനുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇ പറഞ്ഞു. ജനുവരി രണ്ടാം തിയതി നാലാമത്തെ മാസത്തിലേക്ക് പ്രവേശിക്കുന്ന എക്സ്പോയിൽ ഇതിനോടകം തന്നെ 16 ലക്ഷം സന്ദർശകർ എത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തർ ദേശീയ ദിന പരിപാടികളുടെ ഭാഗമായി ദോഹ എക്സ്പോ വേദിയിൽ നടന്ന ‘വെൽകം ടു എക്സ്പോ’ പ്രത്യേക ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രാജ്യങ്ങളുടെ അംബാസഡർമാരും നയതന്ത്ര ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.
മധ്യപൂർവേഷ്യയിൽ ആദ്യമായി എത്തുന്ന അന്താരാഷ്ട്ര ഹോർട്ടി കൾചറൽ എക്സ്പോ ഉന്നയിക്കുന്ന വിഷയം, സന്ദർശക പങ്കാളിത്തത്തം, സംഘാടനം എന്നിവയിലും വൻ വിജയമായതായി അദ്ദേഹം പറഞ്ഞു. ദേശീയ ദിനത്തിന്റെ ഭാഗമായി മൂന്ന് ലക്ഷത്തോളം പൂക്കൾകൊണ്ട് ഖത്തർ ദേശീയ പതാക ഒരുക്കിയ എക്സ്പോയുടെ ഉദ്യമത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. എക്സ്പോയിലെ ഇന്റർനാഷനൽ ഏരിയയിലായിരുന്നു ശ്രദ്ധേയ പൂക്കളമൊരുക്കിയത്.
അതേസമയം വിവിധ മേഖലകളിലായി രാജ്യം കൈവരിച്ച മുന്നേറ്റങ്ങളുടെയും നേട്ടങ്ങളുടെയും വെളിച്ചത്തിൽ ഓരോ പൗരനും താമസക്കാരനും അഭിമാനകരമാണ് ഖത്തറിന്റെ ദേശീയ ദിനം. ദോഹ എക്സ്പോയിലൂടെ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായി പ്രവർത്തനങ്ങൾക്കും ഖത്തർ അടിവരയിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികളും എക്സ്പോ വേദിയിൽ അരങ്ങേറി. ഒട്ടക പരേഡ്, ‘താഗ് യാ മതാർ ഷോ, പരമ്പരാഗത ചടങ്ങുകൾ എന്നിവ ഉൾക്കൊള്ളുന്നതായിരുന്നു ആഘോഷ പരിപാടികൾ.