കേരളത്തിലെ സ്കൂളുകളിൽ കലാ – കായിക വിനോദങ്ങൾക്കുള്ള പീരിഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കരുതെന്ന് നിർദേശം. വിദ്യാർത്ഥികളിൽ നിന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി ലഭിച്ച സാഹചര്യത്തിൽ കമ്മീഷന്റെ നിർദ്ദേശ പ്രകാരമാണ് ഉത്തരമൊരു നിർദ്ദേശം പുറത്ത് വന്നത്. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്.
ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിൽ കലാ – കായിക വിനോദങ്ങൾക്കുള്ള പീരിഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ബാലാവകാശ കമ്മീഷൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ നോട്ടീസിൽ പറയുന്നു. കുട്ടികളുടെ ഭാഗത്തു നിന്ന് പരാതികളും ലഭിച്ചു. കലാ – കായിക വിനോദങ്ങൾക്കുള്ള പീരിഡുകളിൽ മറ്റ് വിഷയങ്ങൾ പഠിപ്പിക്കുന്നത് കുട്ടികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിന് തുല്യമാണെന്നും ബലാവകാശ കമ്മീഷനിൽ ലഭിച്ച പരാതിയിൽ ആരോപിച്ചിരുന്നു.
പരാതികളുടെ അടിസ്ഥാനത്തിൽ ബാലാവകാശ കമ്മീഷൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് ഇക്കഴിഞ്ഞ മേയ് മാസം നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജൂലൈ 19ന് സർക്കുലർ പുറത്തിറക്കിയത്.