തട്ടിപ്പ് ഇ-മെയിൽ സന്ദേശങ്ങളിൽ വീഴരുതെന്ന മുന്നറിയിപ്പുമായി ഖത്തർ ഗതാഗത മന്ത്രാലയം. ‘നിങ്ങളുടെ പേരിലുള്ള പാഴ്സൽ കൈമാറുന്നതിന് വേണ്ടി തയാറാണ്. ഡെലിവറി ചാർജ് ഓൺലൈൻ വഴി അടക്കണം’ എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇ- മെയിൽ സന്ദേശങ്ങൾ വ്യാജവും സൈബർ തട്ടിപ്പുകളുമാണെന്ന് ഗതാഗത മന്ത്രാലയം പൊതുജനങ്ങൾക്കു നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കി. 24 മണിക്കൂറിനുള്ളിൽ ലിങ്കിൽ പ്രവേശിച്ച് ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് ആവശ്യപ്പെടുന്ന തുക അടച്ചാൽ അടുത്ത ദിവസംതന്നെ പാർസൽ എത്തിക്കുമെന്നുള്ള അറിയിപ്പുമായാണ് സ്ഥിരം തട്ടിപ്പ് ഇ- മെയിലുകളെത്തുന്നത്.
അതേസമയം പൊതുജനങ്ങൾക്ക് ഇത്തരത്തിലുള്ള മെയിലുകൾ അയക്കുന്നില്ലെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. 12.99റിയാൽ പാർസൽ ചാർജായാണ് ഇവർ ചോദിക്കുന്നത്. എന്നാൽ തട്ടിപ്പുകാരുടെ യഥാർത്ഥ ലക്ഷ്യം ബാങ്ക് കാർഡുകളുടെയും മറ്റും വിശദാംശങ്ങളാണ്. വ്യക്തികൾക്ക് അറബിയിലായി അയക്കുന്ന ഇത്തരം തട്ടിപ്പ് ഇ-മെയിലുകളുടെ മാതൃകയും അധികൃതർ പങ്കുവെച്ചു. വ്യാജ ലിങ്കുകളിൽ പ്രവേശിച്ച് കാർഡ് വിവരങ്ങളും മറ്റും നൽകി ഇടപാടിന് ശ്രമിക്കുമ്പോൾ ബാങ്ക് വിവരങ്ങളും മറ്റും വ്യാജന്മാർ സ്വന്തമാക്കും. കൂടാതെ അക്കൗണ്ടിൽ നിന്ന് കൂടുതൽ പണം നഷ്ടമാകാൻ ഇത് ഇടയാകുകയും ചെയ്യും.