ആഘോഷങ്ങളിലും മേളകളിലും എല്ലാത്തരം ആളുകളെയും ചേർത്ത് നിർത്തുന്നതാണ് ഖത്തറിന്റെ പാരമ്പര്യം. അത് ദോഹ എക്സ്പോയിലും അങ്ങനെ തന്നെ. ആരോഗ്യമുള്ളവർക്കൊപ്പം ശാരീരിക അവശതകൾ നേരിടുന്നവർക്കും ഇവിടെ ഇടമുണ്ട്. അൽ ബിദ പാർക്കിൽ ആറു മാസം നീണ്ടുനിൽക്കുന്ന ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോ കാണാൻ ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്.
എക്സ്പോയിൽ ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പ്രത്യേക അടയാളങ്ങൾ സ്ഥാപിക്കുകയും അവർക്കുവേണ്ടി വിശാലമായ ഇടനാഴികൾ രൂപകൽപന ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടാതെ എല്ലാ പരിപാടികളിലും അവരുടെ കൂടി പൂർണ്ണ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും സംഘാടക സമിതി വിശദീകരിച്ചു. മാത്രമല്ല, എക്സ്പോ വേദിയിലെ ഭക്ഷ്യ കൗണ്ടറുകളും പരിപാടികൾ കാണുന്നതിനുള്ള സ്ക്വയറുകളും രൂപകൽപന ചെയ്യുന്നതിൽ ഭിന്നശേഷിക്കാരുടെ ആവശ്യങ്ങളെ സംഘാടകർ പരിഗണിച്ചിട്ടുമുണ്ട്.
അതേസമയം കോൺഫറൻസ് ഹാളുകളിൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അവരുടെ പങ്കാളിത്തത്തിന് തടസ്സം സൃഷ്ടിക്കുന്ന കാര്യങ്ങളെല്ലാം തന്നെ സംഘാടകർ നീക്കം ചെയ്തിട്ടുണ്ട്. കൂടാതെ ഭിന്നശേഷിക്കാർക്ക് നിരവധി അവസരങ്ങൾ നൽകുന്നതിന് വേണ്ടി അവരെക്കൂടി ഉൾപ്പെടുത്തികൊണ്ടുള്ള സംവേദനാത്മകമായ അന്തരീക്ഷമാണ് എക്സ്പോയിൽ സൃഷ്ടിച്ചിരിക്കുന്നത്. മാത്രമല്ല, പാരിസ്ഥിതികമോ കാർഷികമോ ആയി ബന്ധപ്പെട്ട വിനോദ, സാംസ്കാരിക, വൈജ്ഞാനിക പരിപാടികളിൽ അവർക്ക് മികച്ച അനുഭവം നൽകുന്നുവെന്നും ഖത്തർ സൊസൈറ്റി ഫോർ റിഹാബിലിറ്റേഷൻ ഓഫ് സ്പെഷൽ നീഡ്സ് ഡയറക്ടർ ബോർഡ് അംഗം താലിബ് അഫീഫ പറഞ്ഞു.