മലയാള സിനിമാ മേഖലയിൽ പകരംവെക്കാനാകാത്ത പ്രതിഭാ സാന്നിധ്യമാണ് സംവിധായകൻ സിദ്ദിഖ് ഇസ്മായിൽ എന്ന സിദ്ദിഖ്. സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ, നിർമ്മാതാവ് എന്നീ നിലകളിൽ തന്റെ കഴിവ് തെളിയിച്ച അദ്ദേഹം കൊച്ചിൻ കലാഭവനിലൂടെയാണ് വേദിയിലെത്തുന്നത്. കലാഭവൻ ട്രൂപ്പിൽ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരുന്ന കാലത്താണ് സംവിധായകൻ ഫാസിലിനെ അദ്ദേഹവും ലാലും പരിചയപ്പെടുന്നത്. പിന്നീട് അസിസ്റ്റന്റ് ഡയറക്ടറായായി തന്റെ കരിയർ ആരംഭിച്ചു.
മലയാളത്തിന്റെ എക്കാലത്തെയും മികച്ച ചിത്രമായ മണിച്ചിത്രത്താഴ് ഉൾപ്പെടെയുള്ള സിനിമകളിൽ ഫാസിലിന്റെ കീഴിൽ സിദ്ദീഖും ലാലും അസിസ്റ്റന്റ് ഡയറക്ടർമാരായി പ്രവർത്തിച്ചു. 1986-ൽ പപ്പൻ പ്രീയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലൂടെ സിദ്ദിഖും ലാലും തിരക്കഥാകൃത്തായി രംഗപ്രവേശം ചെയ്തു. 1989ൽ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ ലാലുമായി ചേർന്നാണ് അദ്ദേഹം ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. സിദ്ദിഖ്-ലാൽ എന്ന ഈ ഒരു കൂട്ടുകെട്ടിൽ പിന്നീട് നിരവധി മികച്ച ചിത്രങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു.
ഇൻ ഹരിഹർ നഗർ, ടു ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ചു. പിന്നീട് ഈ കൂട്ടുകെട്ട് വേർപിരിയുകയും സിദ്ദിഖ് സംവിധാന രംഗത്തേയ്ക്കും ലാൽ അഭിനയ രംഗത്തേയ്ക്കും ശ്രദ്ധ കേന്ദ്രീകരിച്ചു. ലാലില്ലാതെ സിദ്ദിഖ് സംവിധാനം ചെയ്ത ആദ്യ ചിത്രം ഹിറ്റ്ലറാണ്. സിദ്ദിഖിന്റെ മിക്ക സിനിമകളും കോമഡിക്ക് വളരെ പ്രാധാന്യം നൽകുന്നവയാണ്. ഹിറ്റ്ലർ, ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലർ, ബോഡി ഗാർഡ്, ഫുക്രി, ലേഡീസ് ആന്റ് ജെന്റിൽമാൻ, ഭാസ്കർ ദ റാസ്കൽ തുടങ്ങിയ അനവധി മികച്ച ചിത്രങ്ങളാണ് പിന്നീട് സിദ്ദിഖ് മലയാള സിനിമാ ലോകത്തിന് സമ്മാനിച്ചത്.
മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഇൻ്റസ്ട്രികളിലും അദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്. ഫ്രണ്ട്സ്, എങ്കൾ അണ്ണ, സാധു മിറാൻഡ, കാവലൻ എന്നീ ചിത്രങ്ങളാണ് അദ്ദേഹം തമിഴിൽ സംവിധാനം ചെയ്തത്. അദ്ദേഹത്തിന്റെ ബോഡിഗാർഡ് എന്ന മലയാള ചിത്രം തമിഴിലേക്ക് കാവലൻ എന്ന പേരിലും ഹിന്ദിയിൽ ബോഡിഗാർഡ് എന്ന പേരിലും സിദ്ദിഖ് തന്നെ റീമേക്ക് ചെയ്തിട്ടുണ്ട്. 2020ൽ റിലീസ് ചെയ്ത ബിഗ് ബ്രദർ ആണ് അദ്ദേഹത്തിന്റെ മികവിൽ പുറത്തിറങ്ങിയ അവസാന ചിത്രം. കൂടാതെ എസ് ടാക്കീസിന് കീഴിൽ ജെൻസോ ജോസിനൊപ്പം അദ്ദേഹം നിർമ്മാണ മേഖലയിലും സജീവമായിരുന്നു.