അതിവേഗ പാതയിൽ കയറി സ്പീഡ് കുറച്ച് വാഹനമോടിക്കരുതെന്ന നിർദ്ദേശം അധികൃതർ ഇതിന് മുൻപ് നൽകിയിട്ടുള്ളതാണ്. ഇത്തരത്തിൽ വേഗ പാതയിൽ വന്ന് സ്പീഡ് കുറച്ച് വാഹനമോടിച്ചാൽ യുഎഇയിൽ 400 ദിർഹമാണ് പിഴ ഈടാക്കുന്നത്.
വേഗതയേറിയ പാതകളിൽ സ്പീഡ് കുറച്ച് വാഹനമോടിക്കുന്നത് ഗതാഗത തടസ്സവും ഡ്രൈവർമാരെ ആശയക്കുഴപ്പത്തിലാക്കുകയും ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. അതിനാൽ തന്നെ ശരിയായ ലൈനിൽചേർന്ന് പോകണമെന്ന് അബുദാബി പോലീസ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടു.
ശരിയാ ലൈനിൽ ചേർന്ന് വാഹനമോടിച്ചില്ലെങ്കിൽ 400 ദിർഹം പിഴ ഈടാക്കുമെന്ന് അതോറിറ്റി വിശദീകരിച്ചു. വലതുവശത്ത് നിന്ന് ഓവർടേക്ക് ചെയ്യരുതെന്നും ഇത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും അധികൃതർ ആവർത്തിച്ചു. വാഹനാപകടങ്ങൾ തടയുന്നതിനായി അബുദാബി എമിറേറ്റിലെ ഒരു പ്രധാന റോഡിലെ അതിവേഗ പാതകളിൽ മണിക്കൂറിൽ 120 കിലോമീറ്റർ എന്ന മിനിമം വേഗപരിധി ഏർപ്പെടുത്തിയിട്ടുണ്ട്. ടെയിൽഗേറ്റിംഗ്, അതായത് വാഹനങ്ങൾക്കിടയിൽ മതിയായ അകലം പാലിക്കാത്തതും കുറ്റകരമാണെന്നത് ശ്രദ്ധിക്കേണ്ടതാണ്.