പുതുവത്സരത്തിൽ റോഡ് സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് വാഹനം ഓടിക്കണമെന്നാണ് ദുബായ് പൊലീസ് ഡ്രൈവർമാർക്ക് നൽകുന്ന നിർദ്ദേശം. യാത്ര ചെയ്യുമ്പോൾ കാർ സീറ്റുകളിൽ സുരക്ഷിതമായി ഇരിക്കണമെന്നും കുട്ടികൾക്കുള്ള സീറ്റ് ബെൽറ്റുകൾ കൃത്യമായി ധരിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി. 13 വയസ്സുവരെയുള്ള കുട്ടികൾക്ക് സീറ്റ് ബെൽറ്റ് ധരിക്കേണ്ട രീതി ചിത്രം സഹിതം പുറത്തിറക്കിയാണ് ദുബായ് പൊലീസ് യാത്രക്കാർക്ക് വിശദീകരണം നൽകുന്നത്.
2017 മുതൽ നിലവിൽ വന്ന സീറ്റ് ബെൽറ്റ് നിയമപ്രകാരം, നവജാത ശിശുക്കൾ മുതലുള്ളവർക്ക് ചൈൽഡ് സീറ്റുകൾ നിർബന്ധമായും ഉണ്ടായിരിക്കണം. 4 വയസ്സ് വരെ അവരെ ശരിയായ രീതിയിൽ ചൈൽഡ് സീറ്റിൽ ഇരുത്തണമെന്നും ദുബായ് പൊലീസ് ആവർത്തിച്ച് പറയുന്നു. 5-10 വയസ്സ് വരെയുള്ള പ്രായപരിധിയിൽ, ഉള്ള കുട്ടികൾക്ക് ബൂസ്റ്റർ സീറ്റുകളും ബൂസ്റ്റർ തലയണകളും ഉപയോഗിക്കണം.
യുഎഇയിൽ, കാറിലെ എല്ലാ യാത്രക്കാരും പിൻസീറ്റിൽ ഇരിക്കുന്നവരുൾപ്പെടെ സീറ്റ് ബെൽറ്റ് ധരിക്കേണ്ടതുണ്ട്, സീറ്റ് ബെൽറ്റ് ധരിക്കാത്ത പക്ഷം വാഹനത്തിന്റെ ഡ്രൈവർക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും അടയ്‌ക്കേണ്ടി വരും. നാലു വയസ്സുവരെയുള്ള കുട്ടികൾക്ക് ചൈൽഡ് സേഫ്റ്റി സീറ്റ് നൽകണം. നിയമലംഘകർക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും നൽകും. മുൻസീറ്റ് യാത്രക്കാരന് കുറഞ്ഞത് 145 സെന്റീമീറ്റർ ഉയരം വേണം. 10 വയസ്സിന് താഴെയുള്ളവരെ മുൻസീറ്റിൽ ഇരുത്താനും പാടില്ല.