വാഹനമോടിക്കുന്നവർക്ക് വീണ്ടും മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഒരു കാരണവശാലും വാഹനമോടിക്കുന്നവർ കാർ റോഡിന്റെ മധ്യത്തിൽ നിർത്തുകയോ പാർക്ക് ചെയ്യുകയോ ചെയ്യരുതെന്ന് പൊലീസ് വ്യക്തമാക്കുന്നു. മുന്നറിയിപ്പിനോട് ചേർന്നു തന്നെ പൊലീസ് ഞെട്ടിപ്പിക്കുന്ന ഒരു അപകടത്തിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
33 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒരു വെളുത്ത പിക്കപ്പ് ട്രക്ക് റോഡിൽ പതുക്കെ നീങ്ങുന്നതും, ഒടുവിൽ മധ്യഭാഗത്ത് നിർത്തുന്നത് വരെ ദൃശ്യങ്ങളിൽ കാണാം. പിന്നാലെ രണ്ട് സെഡാൻ കാറുകൾ പിക്ക്-അപ്പ് ട്രക്കിൽ ഇടിക്കുകയായിരുന്നു. ആ സമയത്ത് തന്നെ എതിരെ വന്ന ഒരു വാഹനം കാറുകൾക്ക് നേരെ പാഞ്ഞു വരുന്നു. അത് മൂന്നാമത്തെ കാറിൽ ഇടിച്ചു. മറ്റൊരു വാഹനം നിയന്ത്രണം വിട്ട് ഇടത് വശത്ത് കൂടിവന്നത് മറ്റൊരു കൂട്ടിയിടിക്കും കാരണമായി.
അടിയന്തര സാഹചര്യങ്ങളിലോ പ്രശ്‌നങ്ങളിലോ പോലും, ഒരു ഡ്രൈവർ ഒരിക്കലും റോഡിന്റെ മധ്യത്തിൽ കാർ പാർക്ക് ചെയ്യരുതെന്ന് അബുദാബി പോലീസ് ആവർത്തിച്ചു. സുരക്ഷ ഉറപ്പാക്കാൻ ഒരാൾ അടുത്തുള്ള എക്സിറ്റിൽ പോകണമെന്നും പൊലീസ് വ്യക്തമാക്കി.
വാഹനം നീക്കാൻ കഴിയുന്നില്ലെങ്കിൽ, ആവശ്യമായ പിന്തുണ അഭ്യർത്ഥിക്കാൻ ഉടൻ 999 കൺട്രോൾ സെന്ററുമായി (ഓപ്പറേഷൻസ് റൂം) ബന്ധപ്പെടണമെന്നും പോലീസ് കൂട്ടിച്ചേർത്തു. നടുറോഡിൽ വാഹനം നിർത്തുന്നത് 1,000 ദിർഹം പിഴയും ആറ് ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ലഭിക്കാവുന്ന ലംഘനമാണ്. അപകടങ്ങൾ ഒഴിവാക്കാൻ മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണുകൾ ഒഴിവാക്കണമെന്നും പോലീസ് പറഞ്ഞു.
#أخبارنا |
بثت #شرطة_أبوظبي بالتعاون مع مركز المتابعة والتحكم وضمن مبادرة "لكم التعليق" فيديو لخطورة التوقف في وسط الطريق والانشغال أثناء القيادة #لكم_التعليق#الانشغال_بغير_الطريق pic.twitter.com/lwpj8wqhFu— شرطة أبوظبي (@ADPoliceHQ) July 7, 2023