ചെറിയ വാഹനാപകടങ്ങൾ ഉണ്ടാകുമ്പോൾ റോഡിന്റെ മധ്യത്തിൽ മതിയായ കാരണമില്ലാചെ വാഹനം നിർത്തരുതെന്ന് അബുദാബി പോലീസ് നിർദ്ദേശം നൽകി.
വാഹനത്തിന് തകരാർ സംഭവിക്കുകയോ ടയർ പൊട്ടിത്തെറിക്കുകയോ ചെയ്‌താൽ വാഹനങ്ങൾ റോഡിൽ നിന്ന് അടുത്തുള്ള സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നും ഗതാഗത തടസ്സമുണ്ടാക്കാതെ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ ഇടം നൽകണമെന്നും അബുദാബി പോലീസിന്റെ ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് വാഹനമോടിക്കുന്നവരെ ഓർമ്മിപ്പിച്ചു. നിർദ്ദേശം ലംഘിച്ചാൽ 1,000 ദിർഹം പിഴയും ആറ് ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ലഭിക്കും
അത്തരം സന്ദർഭങ്ങളിൽ അബുദാബി പോലീസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിൽ നിന്ന് സഹായം അഭ്യർത്ഥിക്കാൻ ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി. റോഡ് സുരക്ഷയ്ക്ക് അബുദാബി പൊലീസ് തന്ത്രപ്രധാനമായ മുൻഗണനയാണ് നൽകുന്നതെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ ബ്രി. സെയ്ഫ് അൽ സാബി പറഞ്ഞു. ചെറിയ അപകടങ്ങളെത്തുടർന്ന് വാഹനങ്ങൾ നീക്കുന്നത് തേർഡ‍് പാർട്ടിയെ നിർണയിക്കുന്ന പ്രക്രിയയെ ബാധിക്കില്ലെന്നും കൂട്ടിച്ചേർത്തു. അപകടങ്ങൾ വിലയിരുത്തുന്നതിനും ഉത്തരവാദിത്തം നിർണയിക്കുന്നതിനും അബുദാബി പൊലീസ് കൃത്യമായ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ചെറിയ അപകടങ്ങൾക്ക് ശേഷമോ ടയർ മാറുമ്പോഴോ വാഹനങ്ങൾ റോഡ് പാതകളിൽ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകളും ബ്രി. അൽ സാബി എടുത്തു പറഞ്ഞു.