ഒരു ക്ഷേത്രച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ജാതീയ വിവേചനം നേരിടേണ്ടി വന്നെന്ന് വെളിപ്പെടുത്തി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. കോട്ടയത്ത് വേലൻ സർവീസ് സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ. എന്നാൽ എവിടെ വച്ചാണ് അധിക്ഷേപം നേരിട്ടതെന്ന് മന്ത്രി വ്യക്തമാക്കിയില്ല.
ഒരു ക്ഷേത്രത്തിലെ പരിപാടിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പോയതായിരുന്നു. അവിടുത്തെ പ്രധാന പൂജാരി ഒരു വിളക്കുമായി അടുത്തേക്ക് വന്നു. അതെനിക്കു തരാനാണെന്നു കരുതിയായിരുന്നു നിന്നത്. പക്ഷേ പൂജാരി വിളക്ക് എന്റെ കയ്യിൽ തന്നില്ല. നേരെ പോയി അദ്ദേഹം തന്നെ നിലവിളക്ക് കത്തിച്ചു. ആചാരത്തിന്റെ ഭാഗമാണെന്നും ആചാരത്തെ തൊട്ടുകളിക്കേണ്ടെന്നും കരുതി ഞാൻ സ്വയം മാറി നിന്നു. പിന്നീട് പ്രധാന പൂജാരി അടുത്തുണ്ടായിരുന്ന സഹപൂജാരിക്ക് വിളക്ക് കൈമാറുകയും ചെയ്തു.
അതിന് ശേഷം വിളക്ക് എനിക്കു തരുമെന്നാണു കരുതിയത്. പക്ഷേ തന്നില്ല. പിന്നീട് അവര്‍ വിളക്ക് നിലത്തു വച്ചു. അത് ഞാനെടുത്ത് കത്തിക്കട്ടെ എന്നാണവർ ഉദ്ദേശിച്ചത്. ഞാന്‍ കത്തിക്കണോ? എടുക്കണോ? ഞാൻ പറഞ്ഞു: പോയി പണിനോക്കാന്‍. ഞാന്‍ തരുന്ന പൈസയ്ക്ക് അയിത്തമില്ല. എനിക്ക് അവർ അയിത്തമാണു കൽപ്പിക്കുന്നത്. ഇക്കാര്യം അപ്പോൾ തന്നെ ചടങ്ങിൽ പ്രസംഗിക്കുകയും ചെയ്തു. ഏത് പാവപ്പെട്ടവനും കൊടുക്കുന്ന പൈസയ്ക്ക് അയിത്തമില്ല. ആ പൂജാരിയെ ഇരുത്തിക്കൊണ്ടു തന്നെ ഇക്കാര്യം തുറന്ന് പറയുകയും ചെയ്തു എന്ന് മന്ത്രി വെളിപ്പെടുത്തി.