ഖത്തറിൽ വധശിക്ഷയിൽ നിന്ന് ഇളവുലഭിച്ച ഇന്ത്യൻ നാവികർക്കുള്ള തടവ് ശിക്ഷ വിധിച്ചു. മൂന്ന് മുതൽ 25 വർഷം വരെയാണ് തടവ് നൽകിയതെന്നാണ് റിപ്പോർട്ട്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മലയാളി ഉൾപ്പെടെയുള്ള എട്ട് നാവികർക്ക് ഖത്തറിലെ അപ്പീൽ കോടതി കഴിഞ്ഞ ദിവസമാണ് ശിക്ഷാ ഇളവ് നൽകിയത്.
ഒരാൾക്ക് 25 വർഷവും നാല് പേർക്ക് 15 വർഷം വീതവും 2 പേർക്ക് 10 വർഷം വീതവും ഒരാൾക്ക് മൂന്ന് വർഷവുമാണ് തടവ് നൽകിയത്. എന്നാൽ ഇത് വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അടുത്ത നടപടികൾ വിധിന്യായം പൂർണമായി പഠിച്ച ശേഷമായിരിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയം കഴിഞ്ഞദിവസം വ്യക്തമാക്കിയത്. നിയമ വിദഗ്ധരുമായി ഇന്ത്യൻ എംബസി ചർച്ച നടത്തുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ഇന്ത്യക്കാർക്ക് സ്വന്തം രാജ്യത്ത് തടവ് ശിക്ഷ അനുഭവിക്കാമെന്ന് 2015-ൽ ഇന്ത്യയും ഖത്തറുമായി ഏർപ്പെട്ട കരാറിൽ വ്യക്തമാക്കുന്നുണ്ട്. അതിനാൽ നാവികർക്ക് ശിഷ്ടകാലമുള്ള ജയിൽ ശിക്ഷ ഇന്ത്യയിലായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.