ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ മക്കയിലെ കഅ്ബാലയം കഴുകൽ ചടങ്ങുകള്‍ പൂർത്തിയായി. മക്ക ഡപ്യൂട്ടി ഗവർണർ സൗദ് ബിൻ മിഷ്ൽ
രാജകുമാരന്റെ നേതൃത്വത്തിലാണ് കഅ്ബാലയം കഴുകിയത്. ഇന്ന് രാവിലെ സുബ്ഹി നമസ്കാരത്തിന് ശേഷമാണ് കഅ്ബ കഴുകൽ ചടങ്ങുകൾ ആരംഭിച്ചത്.
ഹറംകാര്യ വകുപ്പ് പ്രത്യേകം തയാറാക്കിയ പനിനീർ കലർത്തിയ സംസം വെള്ളം ഉപയോഗിച്ചാണ് കഅ്ബാലയത്തിന്റെ ഉൾവശം കഴുകിയത്. ഈ വെള്ളത്തിൽ കുതിർത്ത തുണി ഉപയോഗിച്ച് കഅ്ബാലയത്തിൻ്റെ ചുമരുകൾ തുടക്കുകയും ചെയ്തു. എല്ലാ വർഷവും മുഹ്റം 15-നാണ് കഅ്ബ കഴുകൽ ചടങ്ങ് നടത്തുന്നത്. മുൻ വർഷങ്ങളിൽ വർഷത്തിൽ രണ്ടു തവണയാണ് കഅ്ബാലയം കഴുകിയിരുന്നത്. അത് ഇപ്പോൾ വർഷത്തിൽ ഒരു തവണയായി ചുരുക്കിയിരിക്കുകയാണ്.
ഹജ്, ഉംറ മന്ത്രിയും ഹറംകാര്യ വകുപ്പ് മേധാവിയുമായ ഡോ. തൗഫീഖ് അൽ റബീഅയും ഹറം മതകാര്യ വകുപ്പ് മേധാവി ഷെയ്ഖ് ഡോ. അബ്‌ദുറഹ്‌മാൻ അൽ സുദൈസും മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽ ഈസയും കഅ്ബാലയത്തിന്റെ താക്കോൽ സൂക്ഷിപ്പ് ചുമതലയുള്ള അൽ-ഷൈബി കുടുംബത്തിലെ കാരണവരും മുതിർന്ന ഉദ്യോഗസ്ഥരും മറ്റ് വിശിഷ്‌ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു.