യുഎഇയിൽ വാഹനാപകടത്തിൽ തളർച്ച ബാധിച്ച ഡെലിവറി റൈഡർക്ക് നഷ്ടപരിഹാരമായി 5 മില്യൺ ദിർഹം ലഭിച്ചു. അൽ ഐനിലെ ഗ്രോസറി ഡെലിവറി റൈഡറായ 22-കാരനായ ഷിഫിൻ ഉമ്മർ കുമ്മാളിക്കാണ് 5 മില്യൺ ദിർഹം നഷ്ടപരിഹാരം ലഭിച്ചത്.
ഒരു പലചരക്ക് കടയിൽ ഡെലിവറി റൈഡറായി ജോലി ചെയ്തുവരികയായിരുന്നു ഷിഫിൻ. 2022 മാർച്ചിൽ സാധനങ്ങൾ ഡെലിവറി ചെയ്യാൻ പോകുമ്പോൾ ഒരു അറബ് യുവാവ് ഓടിച്ച വാഹനം ഷിഫിനെ ഇടിച്ച ശേഷം നിർത്താതെ കടന്നുപോകുകയായിരുന്നു. അപകടത്തെ തുടർന്ന് ഷിഫിന് 100 ശതമാനം പക്ഷാഘാതം സംഭവിക്കുകയും ചെയ്തു.
പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ഡ്രൈവറെ കണ്ടെത്തുകയും ചെയ്തു. ഷിഫിനും മോട്ടോർ സൈക്കിളിനും ഇൻഷുറൻസ് എടുത്തിരുന്നു. ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകിയത്. ഡ്രൈവറുടെ അശ്രദ്ധയ്ക്ക് 5,000 ദിർഹമാണ് പിഴ ചുമത്തിയത്. നിയമപരമായ ചെലവുകൾക്കായി കുടുംബത്തിന് 73,000 ദിർഹം കൂടി അനുവദിച്ചു.
കഴിഞ്ഞ വർഷം കോടതി നഷ്ടപരിഹാരം അനുവദിച്ചെങ്കിലും കഴിഞ്ഞ ദിവസം ദുബായിൽ നടന്ന കോൺഫറൻസിൽ വെച്ചാണ് ഷിഫിൻ്റെ മാതാപിതാക്കൾക്ക് പണം കൈമാറിയത്.