കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ യാത്രാ കപ്പൽ സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ടെൻഡർ വിളിക്കാൻ തീരുമാനം. കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാളാണ് ലോക്സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, നോർക്ക റൂട്ട്സ്, കേരള മാരിടൈം ബോർഡ് എന്നിവയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
പ്രവാസികൾക്ക് ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്നതിന് ഒരു ബദൽ മാർഗം എന്ന നിലയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സർവ്വീസ് നടത്തുന്നതിനായി ഉടനടി കപ്പൽ നൽകാൻ കഴിയുന്നവർക്കും അനുയോജ്യമായ കപ്പലുകൾ കൈവശം ഉള്ളവർക്കും സർവീസ് നടത്താൻ താല്പര്യം പ്രകടിപ്പിക്കുന്നവർക്കും ടെൻഡറിൽ പങ്കെടുക്കാൻ സാധിക്കും. ടെൻഡർ പ്രസിദ്ധീകരിക്കുന്നതിനായി കേരള മാരിടൈം ബോർഡിനെയും നോർക്കയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ യാത്രാ കപ്പൽ സർവീസ് തുടങ്ങുന്നതോടെ ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാർക്ക് പ്രയോജനകരമായി മാറുമെന്ന് മന്ത്രി പറഞ്ഞു. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്, കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്, കേരള മാരിടൈം ബോർഡ്, കേരള ഗവൺമെന്റിന്റെ നോർക്ക റൂട്ട്സ് എന്നിവയുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.