കോഴിക്കോട് കൊയിലാണ്ടി അരിക്കുളത്ത് ഐസ്ക്രീം കഴിച്ചതിനെത്തുടർന്ന് വിദ്യാർഥി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കഴിഞ്ഞദിവസം അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമദ് ഹസൻ റിഫായി(12)യാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ഞായറാഴ്ച വീട്ടിൽ വച്ച് ഐസ്ക്രീം കഴിച്ച കുട്ടിക്ക് ഛർദിയുണ്ടാവുകയും അവശനിലയിലായ 12കാരനെ ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
ഐസ്ക്രീം കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയ തൊട്ടടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് ഛർദ്ദി അതീവ ഗുരുതരാവസ്ഥയിലേക്ക് പോയതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ കുട്ടി മരിക്കുകയും ചെയ്തു. കുട്ടി കഴിച്ച ഐസ്ക്രീമിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്നായിരുന്നു ആദ്യം മുതലുള്ള അന്വേഷണം. ഭക്ഷ്യവിഷബാധയെന്ന സംശയവും ഉണ്ടായിരുന്നു. തുടർന്ന് ഐസ്ക്രീം വിറ്റ കട ഉടനെ അടപ്പിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് നിർണ്ണായക കണ്ടെത്തലുകൾ ഉണ്ടായത്. ഐസ്ക്രീമിൽ വിഷം കലർന്നതായി കണ്ടെത്തി. തുടർന്ന് ഐസ്ക്രീമിൽ വിഷം കലർത്തി നൽകിയ പിതൃ സഹോദരി താഹിറയെ (34) പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബപരമായ പ്രശ്നങ്ങളെ തുടർന്നായിരുന്നു കൊലപാതകമെന്ന് പിതൃ സഹോദരി മൊഴി നൽകിയതായും പൊലീസ് പറയുന്നു. കുട്ടിയെ ലക്ഷ്യമിട്ടല്ല, കുട്ടിയുടെ അമ്മയെ ലക്ഷ്യമിട്ടാണ് എന്ന മൊഴിയാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്.