രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കൊല്ലം ജില്ലയിൽ പ്രവേശിച്ചിരിക്കുകയാണ്. തൃശൂർ ജില്ലയിലേക്കിനി 8 ദിവസത്തെ ദൂരമാണ് ബാക്കി. അപ്പോഴേക്ക് ഡിസിസി ഓഫിസൊന്ന് പെയിൻ്റടിച്ച് മോടി പിടിപ്പിക്കാമെന്ന് വിചാരിച്ചതിൽ തെറ്റൊന്നുമില്ല. പക്ഷെ തൃശ്ശൂർ ഡിസിസി ഓഫീസിൽ പെയിന്‍റിംഗ് നടത്തിയതിലൊരു പ്രശ്നമുണ്ട്. പെയിന്‍റ് ചെയ്ത് കഴിഞ്ഞ് നോക്കുമ്പോൾ ഓഫിസിലെ ചുവരുകൾക്ക് ബിജെപി പതാകയുടെ നിറം. അബദ്ധം പറ്റിയെന്ന് മനസ്സിലായതോടെ പെയിന്‍റ് മാറ്റി അടിക്കാന്‍ നേതാക്കൾ ആവശ്യപ്പെട്ടു.
ഭാരത് ജോഡോ യാത്ര തൃശൂരിലെത്തും മുൻപ് ഡിസിസി ഓഫിസിൻ്റെ പൂമുഖമൊന്ന് മിനുക്കണമെന്നേ ഉദ്ദേശിച്ചുള്ളൂ. വെള്ള ആയിരുന്നു തൃശ്ശൂർ ഡിസിസി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെ കരുണാകരൻ സ്മൃതി മന്ദിരത്തിൻ്റെ നിറം. കോണ്‍ഗ്രസ് പാർട്ടി പതാക പോലെ ത്രിവർണത്തിൽ കെട്ടിടത്തിന് പെയിൻ്റ് അടിക്കാനായിരുന്നു തീരുമാനം. ഇന്നലെ രാത്രി മുതൽ തുടങ്ങിയ പെയിന്‍റ് അടി തീർന്നപ്പോൾ പുലർച്ചെയായി. പെയിൻ്റടിച്ച് അടിപൊളി ആക്കിയ ഓഫിസ് കാണാനെത്തിയ നേതാക്കൾക്ക് ആകെ സംശയമായി. ഓഫിസിന് അടിച്ചത് വർഗ്ഗ ശത്രുക്കളായ ബിജെപിയുടെ നിറമല്ലേ എന്നായിരുന്നു ആ സംശയം.
പെയിന്‍റിംഗ് തൊഴിലാളികള്‍ക്ക് പറ്റിയ അബദ്ധമാണ്. പെയിന്‍റ് അടിച്ചുവന്നപ്പോൾ ഡിസിസി ഓഫീസിന് പച്ചയും കാവിയും മാത്രമായി നിറം.നേതാക്കൾ പിന്നെ രണ്ടാമതൊന്ന് ആലോചിച്ചില്ല. അവരെക്കൊണ്ട് തന്നെ അടിയന്തിരമായി കെട്ടിയത്തിന്‍റെ പെയിന്‍റ് മാറ്റി അടിപ്പിച്ചു പ്രശ്നം പരിഹരിച്ചിട്ടുണ്ടെങ്കിലും ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ അങ്ങ് പറന്നുകളിക്കുകയാണ്.