ആരുടെയും മനസിന് സന്തോഷം നൽകുന്ന ഒരു കൂടിക്കാഴ്ചയ്ക്കാണ് കഴിഞ്ഞ ദിവസം ദുബായ് ജയിൽ സാക്ഷ്യം വഹിച്ചത്. സെൻട്രൽ ജയിലിൽ അന്തേവാസിയായ പിതാവിനൊപ്പം ജന്മദിനം ആഘോഷിക്കാനുള്ള മകളുടെ ആഗ്രഹം സാധിച്ചുനൽകിയിരിക്കുകയാണ് ദുബായ് പൊലീസ്. അപ്രതീക്ഷിതമായി തന്റെ മകളെ കണ്ടതും വാരിപ്പുണർന്ന പിതാവിന്റെ സ്നേഹത്തിന് മുന്നിൽ അധികൃതരുടെ കണ്ണുകൾ പോലും സന്തോഷത്താൽ ഈറനണിഞ്ഞു.
ആറ് വർഷം മുമ്പ് യുഎഇയിൽ ജോലി അന്വേഷിച്ചെത്തിയ ഇദ്ദേഹം ചില സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ ജയിലിൽ അകപ്പെടുകയായിരുന്നു. പിന്നാലെ കോവിഡ് മൂലം ലോകം മുഴുവൻ സ്തംഭിച്ചതോടെ കുടുംബവുമായി ബന്ധപ്പെടാനും സാധിച്ചില്ല. ആറ് വർഷത്തിന് ശേഷം കുടുംബവുമൊത്ത് ദുബായിലെത്തിയ മകൾ പിതാവിനെ കാണാനുള്ള തന്റെ ആഗ്രഹം ദുബായ് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടപടികൾ പൂർത്തിയാക്കിയ പൊലീസ് മകളെ ജയിലിലെത്തിക്കുകയും ചെയ്തു.
സർപ്രൈസ് നൽകാനായി ഈ വിവരം പൊലീസ് അദ്ദേഹത്തിൽ നിന്നും മറച്ചുവെച്ചിരുന്നു. അപ്രതീക്ഷിതമായി മകളെ കണ്ടതും കെട്ടിപ്പിടിച്ച് കരഞ്ഞ പിതാവിന്റെ വേദന ജയിൽ ഉദ്യോഗസ്ഥരുടെ കണ്ണുകളെയും ഈറനണിയിച്ചു. പിന്നീട് ഇരുവരും ചേർന്ന് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുകയും ചെയ്തു. ജയിൽ അന്തേവാസികൾക്ക് സന്തോഷം പകരുന്നതിനാണ് ഇത്തരമൊരു കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയതെന്ന് ജയിൽ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ മർവാൻ അബ്ദുൽ കരിം പറഞ്ഞു.