ഷാർജയിലെ സൂഖ് അൽ ജുബൈലിൽ ഈന്തപ്പഴ ഉത്സവത്തിൻ്റെ 9-ാമത് എഡിഷന് തുടക്കം. വർഷം തോറും മൂന്ന് മാസക്കാലം നടക്കുന്ന ഫെസ്റ്റിവലിൽ പ്രാദേശികമായും അയൽ രാജ്യങ്ങളിൽ നിന്നുമുള്ള വിവിധയിനം ഈത്തപ്പഴങ്ങളാണ് എത്തിക്കുന്നത്. രാജ്യത്തിൻ്റെ സാംസ്കാരിക, പൈതൃകം, പാരമ്പര്യം എന്നിവയുമായി ബന്ധപ്പെട്ടാണ് ഈന്തപ്പഴ ഉത്സവം നടക്കുന്നത് .
മേളയുടെ ഭാഗമായി ഷാർജ മുനിസിപ്പാലിറ്റി എട്ട് സ്റ്റാളുകൾ സ്ഥാപിച്ചിട്ടുണ്ട്. പുതുതായി വിളവെടുത്ത ഈത്തപ്പഴമാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഓരോ കച്ചവടക്കാരനും പ്രതിദിനം 500 കിലോഗ്രാം സ്റ്റോക്ക് ചെയ്യുന്നുണ്ടെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. ഗുണവും രുചിയും വിലയും അനുസരിച്ച് വിവിധ ഇനങ്ങളായി തരംതിരിച്ചാണ് പ്രദർശനവും വിൽപ്പനയും.
ഈത്തപ്പഴം ഒരു മാസം മുമ്പേ വിളവെടുക്കുന്നതിനാൽ ഒമാനിൽ നിന്നാണ് ഇപ്പോൾ ഇറക്കുമതി ചെയ്യുന്നതെന്ന് കച്ചവടക്കാർ പറയുന്നു. ഇതിനകം 15-ലധികം ഇനം ഈന്തപ്പഴങ്ങൾ മേളയിലേക്ക് എത്തിക്കഴിഞ്ഞു. അയൽ രാജ്യങ്ങളിൽ നിന്നുള്ള നാഗൽ, അല്ലാവി, സല്ലാനി, ഖുദ്രാവി, ബുജിപാൽ തുടങ്ങി ചുരുക്കം ചില ഇനങ്ങൾ മാത്രമാണ് ആദ്യ ദിവസങ്ങളിൽ എത്തിയതെന്ന് കച്ചവടക്കാർ പറയുന്നു. ഇനങ്ങൾ അനുസരിച്ച് ഒരു കിലോഗ്രാമിന് 15 ദിർഹം മുതൽ 45 ദിർഹം വരെയാണ് വില.
അതേസമയം ഏറ്റവും ഡിമാൻഡുള്ളതും ചെലവേറിയതുമായ ഇനം യുഎഇയിൽ നിന്നുള്ളതാണ്. അൽ ഐനിൽ വിളവെടുക്കുന്ന നമീഷിന് എല്ലാവർഷവും ആവശ്യക്കാരേറെയാണെന്നും കച്ചവടക്കാർ കൂട്ടിച്ചേർത്തു. ഈന്തപ്പഴങ്ങളുടെ രുചി, ഘടന, മൃദുത്വം, മധുരം എന്നിവ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും മികച്ച ഇനങ്ങൾ വളരെ വേഗം വിറ്റഴിയുമെന്നും കച്ചവടക്കാർ കൂട്ടിച്ചേർത്തു.