പുതുവത്സര ആഘോഷത്തിനിടെ സൈബര്‍ ആക്രമണങ്ങൾ വര്‍ദ്ധിക്കാനിടയുണ്ടെന്ന മുന്നറിയിപ്പുമായി യുഎഇ സൈബര്‍ സുരക്ഷാ വിഭാഗം. അവധിക്കാലത്ത് ഹാക്കർമാർ സജീവമാകാൻ സാധ്യതയുണ്ടെന്നും ഡിജിറ്റല്‍ സേവനങ്ങളെ ആശ്രയിക്കുന്നവര്‍ വഞ്ചിതരാകരുതെന്നും സൈബര്‍ സുരക്ഷാ വിഭാഗം വ്യക്തമാക്കി.
വ്യാജസമ്മാന വാഗ്ദാനവുമായി എത്തുന്ന ഇമെയിലുകൾ, എസ്എംഎസുകൾ എന്നിവയിലെ ലിങ്കുകളിലും വെബ്സൈറ്റുകളിലും പ്രവേശിക്കുന്നത് ഒഴിവാക്കണം. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും ഇക്കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണമെന്നു യുഎഇ സൈബർ സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടു.
കമ്പ്യൂട്ടറുകളിലും സ്മാര്‍ട്ട് ഫോണുകളിലും സൈബർ സുരക്ഷാ സംരക്ഷണ സംവിധാനങ്ങൾ സ്വീകരിക്കണം. പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തന ക്ഷമമാണെന്ന് ഉറപ്പാക്കണം. സൈബർ ആക്രമണങ്ങൾ സംബന്ധിച്ചുളള വിവരങ്ങൾ അധികാരികളുമായി പങ്കുവയ്ക്കാന്‍ തയ്യാറാകണമെന്നും നിര്‍ദ്ദേശമുണ്ട്. സംശയാസ്പദ ലിങ്കുകളില്‍ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിവരങ്ങളോഫോൺ നമ്പറോ നൽകരുതെന്നും മുന്നറിയിപ്പുണ്ട്.
വ്യാജ ഓഫറുകൾ, തൊഴിലവസരങ്ങൾ, കോടികൾ സമ്മാനം നല്‍കുന്ന ലോട്ടറികൾ, പണം ഇരട്ടിപ്പിക്കൽ തുടങ്ങി വ്യാജ വാഗ്ദാനങ്ങളെ അവഗണിക്കണമെന്നും സുരക്ഷാവിഭാഗം ഓര്‍മ്മിപ്പിച്ചു. വ്യാജ സന്ദേശങ്ങളോട് പ്രതികരിച്ചാൽ ഹാക്കർമാർക്ക് അവസരങ്ങൾ ലഭ്യമാകും. അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്.