കർണാടക ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ കുടുംബത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ലോറിയുടമ മനാഫിനെതിരെ കേസ്. അർജുൻ്റെ സഹോദരി അഞ്ജു സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ചേവായൂർ പൊലീസാണ് കേസെടുത്തത്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചെന്നും കുടുബത്തിന്റെ മാനസികാവസ്ഥയെയും വൈകാരികതെയും മുതലെടുത്തു എന്നുമാണ് പരാതി.
ബിഎൻഎസ് 192,120 (ഒ) കേരള പോലീസ് ആക്‌ട് (സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. മനാഫ് സമൂഹമാധ്യമങ്ങൾ വഴി തിരച്ചിലുമായി ബന്ധപ്പെട്ട കാര്യങ്ങളും അർജുന്റെ കുടുംബ പശ്ചാത്തലവും പ്രചരിപ്പിച്ചെന്നും കുടുംബത്തിൻ്റെ മാനസികാവസ്ഥയും വൈകാരികതയും മുതലെടുത്ത് പ്രചാരണം നടത്തിയെന്നും ലോറി ഉടമ മനാഫ് എന്ന യൂട്യൂബ് ചാനൽ ഉപയോഗിച്ച് കുടുംബത്തെ അപകീർത്തിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു.
മനാഫും മുങ്ങൽ വിദഗ്‌ധർ ഈശ്വർ മാൽപെയും അർജുൻ്റെ തിരോധാനം ഉപയോഗിച്ച് യൂട്യൂബിലൂടെ നേട്ടമുണ്ടാക്കുകയാണെന്നും പണപ്പിരിവ് നടത്തുന്നുവെന്നും അടക്കമുള്ള ആരോപണങ്ങൾ കഴിഞ്ഞ ദിവസം അർജുൻ്റെ കുടുംബം ഉന്നയിച്ചിരുന്നു. എന്നാൽ യുട്യൂബ് ചാനൽ തുടങ്ങിയത് കാര്യങ്ങൾ ലോകത്തെ അറിയിക്കാനാണെന്നും അർജുൻ്റെ കുടുംബത്തിൻ്റെ പേരിൽ ഒരാളോടും പണപ്പിരിവ് നടത്തിയിട്ടില്ലെന്നും എന്തന്വേഷണം വേണമെങ്കിലും നടത്താമെന്നും മനാഫും വ്യക്തമാക്കിയിരുന്നു.