സൈബർ ആക്രമണങ്ങളിൽനിന്ന് സുരക്ഷ ഉറപ്പാക്കാൻ ഇൻസുറൻസ് പരിരക്ഷയുമായി യുഎഇയിലെ ഏറ്റവും വലിയ ടെലികോം ഓപറേറ്ററായ ഇത്തിസാലാത്ത്. 44,000 ദിർഹം വരെ വാർഷിക കവറേജുള്ള നാണ് വ്യത്യസ്ത ഇൻഷുറൻസ് പാക്കേജുകളാണ് ഇത്തിസലാത്ത് ഈസി ഇൻഷുറൻസ് അവതരിപ്പിക്കുന്നത്.
മൊബൈൽ ഫോൺ, ലാപ്ടോപ്, ടാബ്‌ലെറ്റ് തുടങ്ങിയ ഗാഡ്‌ജെറ്റുകളും ഡേറ്റകളും നഷ്ടപ്പെടുന്നത് മൂലമുളള നഷ്ടമാണ് ഇൻഷുറൻസ് പരിധിയിൽ വരിക. സൈബർ ആക്രമണം, മോഷണം, ഓൺലൈൻ തട്ടിപ്പുകൾ തുടങ്ങിയ ഭീഷണികളുടെ കാലത്ത് സുരക്ഷിത ബ്രൗസിങിന് അവസരം ഒരുക്കുന്നതിൻ്റെ ഭാഗമായാണ് നടപടി.
ഉപകരണങ്ങൾ നഷ്ടമാകുന്നതിനൊപ്പം സംഭവിക്കുന്ന ഇതര സാമ്പത്തിക നഷ്ടങ്ങളും ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്താം. ഓട്ടോമൊബൈൽ, യാത്ര, ആരോഗ്യം,എന്നീ ഇൻഷുറൻസുകളും ലഭ്യമാണ്. വളർത്തുമൃഗങ്ങൾക്കും ഇൻഷുർ ചെയ്യാൻ അവസരമുണ്ട്. അതേസമയം ഓഫിസ് കംപ്യൂട്ടറിലും മൊബൈൽ ഫോണിലും വീട്ടിലെ വൈഫൈയിലും ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്ന ആളുകൾ സൈബർ ആക്രമണത്തിന് ഇരയാകാനുള്ള സാധ്യത കൂടുതലാണെന്ന് യുഎഇ സൈബർ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി.