കുസാറ്റിൽ സംഗീതനിശയ്ക്ക് മുന്നോടിയായുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലുപേർ മരിച്ച സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് പൊലീസ് റിപ്പോർട്ട്. മതിയായ സുരക്ഷാ നടപടികൾ സംഗീത പരിപാടിക്കായി സ്വീകരിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. രഹസ്യാന്വേഷണ വിഭാഗമാണ് റിപ്പോർട്ട് എഡിജിപിക്ക് സമർപ്പിച്ചത്. പൊലീസിനെ അറിയിക്കാതെ നടത്തിയ പരിപാടിയിൽ സംഘാടകരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് സർവ്വകലാശാലയും സമ്മതിക്കുന്നു.
ധിഷ്ണ ടെക്ഫെസ്റ്റിന്‍റെ രക്ഷാധികാരി എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പലാണ്. വിദ്യാർത്ഥികളും അദ്ധ്യാപകരുമടങ്ങുന്ന സംഘാടക സമിതി. ആദ്യം കുസാറ്റിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് പ്രവേശനം, പിന്നെ സർവ്വകലാശാലയിലെ മറ്റ് വകുപ്പിലെ വിദ്യാർത്ഥികൾ ഇനിയും സ്ഥലമുണ്ടെങ്കിൽ പുറത്തുള്ളവർക്കും. അവിടെ തന്നെ ആദ്യം പാളി. മുൻകൂട്ടി നിശ്ചയിച്ച സമയത്തിനപ്പുറം പരിപാടി തുടങ്ങുന്നത് നീണ്ടു. അടച്ച ഗേറ്റ് പെട്ടെന്ന് തുറന്നപ്പോൾ ആൾക്കൂട്ടം ഇരച്ചെത്തി. സർവ്വകലാശാലയുടെ സിൻഡിക്കേറ്റ് സബ്കമ്മിറ്റി അപകടകാരണങ്ങളിൽ അന്വേഷണം തുടങ്ങി.
കൂടുതൽ ആളുകൾ എത്തുമെന്ന് അറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ല. പരിപാടിയുടെ നടത്തിപ്പിലും വീഴ്ച പറ്റി. ആളുകളിൽ നിന്ന് കൂടുതൽ വിവര ശേഖരണം നടത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം നിശ്ചിത സമയത്തെ ആൾക്കൂട്ടനിയന്ത്രണം പാളിയതിൽ ഗുരുതരവീഴ്ച തുറന്നുകാട്ടപ്പെട്ടതോടെ ഓഡിറ്റോറിയങ്ങളിലെ പ്രവർത്തനങ്ങളിൽ പൊതുമാർഗനിർദ്ദേശത്തിനാണ് സംസ്ഥാന സർക്കാർ നീക്കം.