ധോണിക്കായി നിയമമാറ്റത്തിന് ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് വെളിപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്സ് സിഇഒ. വരുന്ന ഐപിഎൽ സീസണിൽ എം.എസ്. ധോണിയെ കളിപ്പിക്കാനായി ഒരു നിയമമാറ്റത്തിനും ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടില്ലെന്നന്നാണ് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥൻ വ്യക്തമാക്കിയത്. അൺകാപ്ഡ് നിയമം തിരികെക്കൊണ്ടുവരാമെന്നത് ബിസിസിഐയുടെ നിർദേശമായിരുന്നെന്നും കാശി വിശ്വനാഥൻ കൂട്ടിച്ചേർത്തു.
‘ഇക്കാര്യത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. ചെന്നൈ സൂപ്പർ കിങ്സ് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. ബിസിസിഐയാണ് അൺകാപ്ഡ് പ്ലേയർ നിയമം തിരികെക്കൊണ്ടുവരുമെന്ന് ഇങ്ങോട്ട് പറഞ്ഞത്. ഇക്കാര്യത്തിൽ പ്രഖ്യാപനമൊന്നും നടന്നിട്ടുമില്ല. ബിസിസിഐയാണ് നിയമങ്ങൾ പ്രഖ്യാപിക്കുന്നത്’ എന്നാണ് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ വ്യക്തമാക്കിയത്.
വിരമിച്ച ശേഷം അഞ്ച് വർഷം കഴിഞ്ഞ താരങ്ങളെ അൺകാപ്ഡ് ആയി പരിഗണിക്കുന്ന നിയമമാണ് ഇത്. 2008 മുതൽ 2021 വരെയുള്ള സീസണുകളിൽ ഈ നിയമം ഐപിഎല്ലിൽ ഉണ്ടായിരുന്നെങ്കിലും ആരും ഇത് കാര്യമായി ഉപയോഗിച്ചിരുന്നില്ല. ഈ നിയമം വീണ്ടും കൊണ്ടുവന്നാൽ ചെന്നൈ സൂപ്പർ കിങ്സിന് ധോണിയെ ലേലത്തിൽ വിടാതെ ചെറിയ തുകയ്ക്ക് ടീമിൽ നിലനിർത്താൻ സാധിക്കും.