ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനത്തോടെ റാങ്കിങ്ങിൽ കുതിച്ചുകയറ്റവുമായി ഇന്ത്യൻ താരങ്ങൾ. മികച്ച ബൗളിങ്ങിലൂടെ ടെസ്റ്റ് ബൗളിങ് റാങ്കിങ്ങിൽ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇന്ത്യയുടെതന്നെ രവിചന്ദ്രൻ അശ്വിനെ പിന്തള്ളിയാണ് ബുംറയുടെ നേട്ടം. യശസ്വി ജയ്സ്വാൾ ബാറ്റിങ് റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് കയറി.
870 പോയന്റുള്ള ബുംറക്ക് പിന്നിൽ ഒരു പോയൻ്റ് മാത്രം വ്യത്യാസത്തിലാണ് അശ്വിനുള്ളത്. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ ശ്രീലങ്കയുടെ ഇടംകൈയ്യൻ സ്പിന്നർ പ്രഭാത് ജയസൂര്യ ഏഴാം സ്ഥാനത്തേക്ക് കയറിയതാണ് മറ്റൊരു പ്രധാന മുന്നേറ്റം. ടെസ്റ്റ് ബൗളിങ് റൗങ്കിങ്ങിൽ ഓസ്ട്രേലിയയുടെ ജോഷ് ഹേസൽ വുഡ് മൂന്നാമതും പാറ്റ് കമ്മിൻസ് നാലാമതുമുണ്ട്. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദയാണ് അഞ്ചാമത്. ആറാമതുള്ള രവീന്ദ്ര ജദേജയാണ് മറ്റൊരു ഇന്ത്യൻ താരം.
ബാറ്റിങ്ങിൽ ഇംഗ്ലീഷ് താരം ജോറൂട്ട് ഒന്നാംസ്ഥാനത്ത് തുടരുന്നു. ന്യൂസിലാൻഡിൻ്റെ കെയ്ൻ വില്യംസണാണ് രണ്ടാമത്. ഇന്ത്യയുടെ വിരാട് കോഹ്ലി ആറാമതും ഋഷഭ് പന്ത് ഒൻപതാമതുമുണ്ട്.