13-ാം വയസിൽ കേരള അണ്ടർ 16 ടീമിൽ.. 20-ാം വയസിൽ കേരള രഞ്ജി ടീമിന്റെ ക്യാപ്റ്റൻ.. 26-ാം വയസിൽ ഒരു ഐപിഎൽ ടീമിന്റെ നായകൻ.. അങ്ങനെ ഒരുപിടി അത്ഭുതങ്ങളും അവിസ്മരണീയ മുഹൂർത്തങ്ങളും സമ്മാനിച്ച് ക്രിക്കറ്റ് പ്രേമികളുടെ മനസിൽ ഇടം നേടിയ താരമാണ് മലയാളിയായ പ്രീയപ്പെട്ട സഞ്ജു സാംസൺ. ഒരുപക്ഷേ ക്രിക്കറ്റ് ലോകം അടുത്തകാലത്ത് ഇത്രത്തോളം ചർച്ച ചെയ്ത ഒരു വ്യക്തി ഇല്ലെന്ന് തന്നെ പറയാം. കഴിവും ആത്മവിശ്വാസവുമുണ്ടായിട്ടും പലപ്പോഴും ഭാഗ്യനിർഭാഗ്യങ്ങൾക്ക് അടിമപ്പെട്ടുപോയ താരമാണ് സഞ്ജു.
തനിക്ക് നേരെ വരുന്ന പ്രതിബന്ധങ്ങളെ ശ്രദ്ധിക്കാതെ ലക്ഷ്യത്തിന് വേണ്ടി പോരാട്ടം തുടരുന്ന സഞ്ജു മലയാളികളുടെ പ്രീയപ്പെട്ട വണ്ടർകിഡാണ് എന്ന് പറഞ്ഞാലും തെറ്റില്ല. കാരണം ഒരുപാട് മാറ്റി നിർത്തലുകൾക്കും തഴയലുകൾക്കുമൊടുവിൽ തന്റെ മികവ് തെളിയിക്കാൻ ഒരവസരം ലഭിച്ചപ്പോൾ മികച്ച പ്രകടനം പുറത്തെടുത്തിരിക്കുകയാണ് സഞ്ജു വിശ്വനാഥ് സാംസൺ. അതെ, കകവിജയ് ഹസാരെ ട്രോഫിയിൽ തകർപ്പൻ സെഞ്ച്വറിയടിച്ചിരിക്കുകയാണ് ഈ കേരള നായകൻ. റെയിൽവേസിനെതിരെയുള്ള മത്സരത്തിൽ കേരളത്തിന് വിജയിക്കാൻ സാധിച്ചില്ലെങ്കിലും അതിഗംഭീര പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. 139 പന്തിൽ നിന്ന് 128 റൺസ്. എട്ട് ഫോറും ആറ് സിക്സറുമുൾപ്പെടെയായിരുന്നു ഈ സെഞ്ച്വറി നേട്ടം.
കേരളത്തിന്റെ സ്വന്തം വണ്ടർകിഡ്
ചെറുപ്പം മുതൽ ക്രിക്കറ്റിനോട് ആവേശമായിരുന്നു സഞ്ജുവിന്. ക്രിക്കറ്റിനൊപ്പം ഒരു ഐപിഎസ് ഉദ്യോഗസ്ഥനാകുക എന്ന സ്വപ്നവും താരം തന്റെ ബാല്യകാലത്ത് നെഞ്ചിലേറ്റിയിരുന്നു. എങ്കിലും പ്രഥമസ്ഥാനം എന്നും ക്രിക്കറ്റിന് തന്നെയായിരുന്നു. 13-ാം വയസിൽ അണ്ടർ 16 ടീമിന്റെ ഭാഗമായാണ് താരം ക്രിക്കറ്റിനെ തന്റെ കരിയറിലേയ്ക്ക് ചേർത്തത്. പിന്നീടങ്ങോട്ടുള്ള കേരള ടീമുകളിൽ സ്ഥിരം സാന്നിധ്യമായി മാറി ഈ കുട്ടിത്താരം. ബാറ്റിങ്ങിലും ബൗളിങ്ങിലും തന്റേതായ ശൈലി കൊണ്ടുവന്ന സഞ്ജു തന്റെ പതിനേഴാം വയസിലാണ് ഫസ്റ്റ് ക്ലാസ് മത്സരത്തിൽ അരങ്ങേറുന്നത്. അധികംവൈകാതെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലുമുൾപ്പെട്ടു.
2014-ൽ അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യ അണ്ടർ 19 ടീമിന്റെ വൈസ് ക്യാപ്റ്റനെന്ന ചുമതല തെല്ലും ആശങ്കയില്ലാതെ സഞ്ജു ഏറ്റെടുത്തു. പ്രകടന മികവിനാൽ അന്നേ ഗ്രൗണ്ടിൽ ശ്രദ്ധേയനായിരുന്നു തിരുവന്തപുരം സ്വദേശിയായ സഞ്ജു. അതുകൊണ്ടുതന്നെയാണ് തന്റെ 20-ാം വയസിൽ കേരള രഞ്ജി ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും സഞ്ജുവിനെ തേടിയെത്തിയത്. ഘട്ടംഘട്ടമായി വിജയത്തിന്റെ പടികൾ ചവിട്ടിക്കയറിയ താരം 2013-ലാണ് ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട്ട് സഞ്ജു സാംസൺ എന്ന പ്രതിഭയെ ക്രിക്കറ്റ് ലോകം അടുത്തറിയുകയായിരുന്നു.
സഞ്ജുവിന്റെ ഭാഗ്യവർഷമായ 2022
അതെ, 2022 സഞ്ജുവിന്റെ ഭാഗ്യവർഷം തന്നെയാണ്. മികച്ച പ്രകടനങ്ങൾക്കൊടുവിൽ ഒരുപിടി നേട്ടങ്ങൾ കൊയ്ത വർഷം. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സ്ഥാനമാണ് അതിൽ പ്രധാനപ്പെട്ടത്. ക്യാപ്റ്റനായി രണ്ടാം സീസണിൽ തന്നെ ടീമിനെ ഐപിഎൽ ഫൈനലിൽ എത്തിച്ച സഞ്ജുവിനെ ഹർഷാരവങ്ങളോടെയാണ് ഗ്യാലറി സ്വീകരിച്ചത്. മികച്ച ക്യാപ്റ്റൻ എന്ന നിലയിലും മികച്ച കളിക്കാരൻ എന്ന നിലയിലും തിളങ്ങിയ സഞ്ജുവിന് സീസണിൽ 17 മത്സരങ്ങളിൽ നിന്ന് 458 റൺസുമായി ടോപ് സ്കോറർ പട്ടികയിലെ ആദ്യ പത്തിൽ ഇടംനേടാനും സാധിച്ചു. കൂടാതെ ഐപിഎലിൽ 3,500 റൺസ് എന്ന നാഴികക്കല്ല് സഞ്ജു പിന്നിട്ടതും ഇതേ വർഷമാണ്.
ന്യൂസീലൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീമിനെ നയിക്കാനുള്ള അവസരവും സഞ്ജുവിന് കഴിഞ്ഞ വർഷം ലഭിച്ചിരുന്നു. മൂന്ന് മത്സര പരമ്പരകൾ ഇന്ത്യ വാരിക്കൂട്ടിയപ്പോൾ 120 റൺസുമായി പരമ്പരയിലെ ടോപ് സ്കോററായി മാറാനും ഈ 29-കാരന് സാധിച്ചു. അതിനപ്പുറം, ട്വന്റി20 ബാറ്റർ എന്ന ലേബലിൽ നിന്ന് മാറി മിഡിൽ ഓർഡർ ബാറ്റർ എന്ന നിലയിലേക്ക് സഞ്ജു എന്ന ക്രിക്കറ്ററുടെ കരിയർ ഗ്രാഫ് ഉയർന്നതും 2022-ലായിരുന്നു. ശ്രീലങ്ക, അയർലൻഡ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരായ ട്വന്റി20 പരമ്പരകളിലും വെസ്റ്റിൻഡീസ്, സിംബാബ്വെ, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായ ഏകദിന പരമ്പരകളിലും സഞ്ജുവിന് കഴിഞ്ഞ വർഷം കളിക്കാൻ അവസരം ലഭിച്ചു. അതോടെ സഞ്ജുവിന്റെ പ്രകടനങ്ങൾക്കായി ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരുന്നു. സഞ്ജുവിനെ അവർ ഇന്ത്യയുടെ ക്രിക്കറ്റ് താരങ്ങളിൽ തലയെടുപ്പുള്ള കളിക്കാരനായി അംഗീകരിക്കുകയും ചെയ്തു.
ആവേശങ്ങൾക്കൊടുവിലെ തഴയപ്പെടലും തിരിച്ചുവരവും
2021-ൽ ശ്രീലങ്കയ്ക്കെതിരെയാണ് സഞ്ജു സാംസൺ ഇന്ത്യക്ക് വേണ്ടി ആദ്യമായി ഏകദിന മത്സരം കളിക്കുന്നത്. ഇതുവരെ 13 ഏകദിന മത്സരങ്ങളിൽ നിന്ന് 390 റൺസ് സമ്പാദിക്കുകയും ചെയ്തു. 55.71 ശരാശരിയിലും 104 സ്ട്രൈക്ക് റേറ്റിലുമാണ് ഇത്രയും റൺസെന്നത് വളരെ ശ്രദ്ധേയവുമാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ പുറത്താവാതെ നേടിയ 86 റൺസാണ് സഞ്ജുവിന്റെ ഉയർന്ന സ്കോർ. ഓരോ മത്സരത്തിലും തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാൻ ശ്രമിക്കുന്ന സഞ്ജുവിന് പക്ഷേ പിന്നീട് നേരിടേണ്ടി വന്നത് മാറ്റിനിർത്തലുകളും തഴയപ്പെടലുകളുമായിരുന്നു.
ഒരുപാട് സ്വപ്നങ്ങളോടെ തന്റെ ഇഷ്ട വിനോദത്തെ കരിയറാക്കി മാറ്റിയ സഞ്ജുവിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ആ മാറ്റിനിർത്തലുകൾ. തന്റെ മികവ് പൂർണ്ണമായും പ്രകടിപ്പിച്ചെങ്കിലും താരത്തിന് സെലക്റ്റർമാരിൽ നിന്ന് കാര്യമായ പിന്തുണ ലഭിച്ചിരുന്നില്ല. ഏകദിന ലോകകപ്പിന് തൊട്ടുമുമ്പ് ഓസ്ട്രേലിയക്കെതിരെ നടന്ന പരമ്പരയിൽ നിന്നും സഞ്ജു തഴയപ്പെട്ടു. സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിട്ടും സെലക്റ്റർമാർ സഞ്ജുവിന് ടീമിലിടം നൽകിയില്ല. ലോകകപ്പിനുശേഷവും സഞ്ജുവിനോടുള്ള ബി.സി.സി.ഐയുടെ അവഗണന തുടർന്നുകൊണ്ടിരുന്നു. ലോകകപ്പിന് പിന്നാലെ പ്രഖ്യാപിച്ച ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജു ഉൾപ്പെടുമെന്ന് കരുതി കാത്തിരുന്ന ആരാധകർക്കും നിരാശയായിരുന്നു ഫലം.
പലപ്പോഴും ഭാഗ്യനിർഭാഗ്യങ്ങളായിരുന്നു സഞ്ജുവിനെ പിന്നോട്ടുവലിച്ചത്. നന്നായി കളിക്കാൻ ശ്രമിച്ചെങ്കിലും പല മത്സരങ്ങളിലും അതിന് സാധിച്ചില്ല. ക്രിക്കറ്റ് പലപ്പോഴും അങ്ങനെ തന്നെയാണ്. എല്ലാ കളികളിലും ഒരേ ഗ്രാഫ് നിലനിർത്തുക എന്നത് അസാധ്യമാണെന്നത് വാസ്തവവുമാണ്. എന്നാൽ സഞ്ജുവിനെ സംബന്ധിച്ച് അത് വളരെ നിർണായകമായിരുന്നു. പഞ്ചാബ് കിങ്സിനെതിരായ നിർണായക മത്സരത്തിൽ മൂന്ന് പന്തിൽ നിന്ന് വെറും രണ്ട് റൺസെടുത്ത് സഞ്ജു പുറത്തായതിന് പിന്നാലെ ഒരു ഘട്ടത്തിൽ താരത്തെ പിൻതുണച്ചിരുന്ന ആരാധകർ പോലും അദ്ദേഹത്തെ കുറ്റപ്പെടുത്താൻ ആരംഭിച്ചു. രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ നിർണായക മത്സരങ്ങളിൽ വൻ തോൽവിയാണെന്നാണ് ആരാധകർ പറഞ്ഞത്. ഇക്കാരണത്താലാണ് സഞ്ജു ഇന്ത്യൻ ടീമിൽ സ്ഥിരമാകാത്തതെന്നും ആരാധകർ കുറ്റപ്പെടുത്തി.
എന്നാൽ കുറ്റപ്പെടുത്തലുകൾക്കൊപ്പം ഒരുകൂട്ടം ആരാധകർ സഞ്ജുവിനെ ചേർത്തുനിർത്തുകയും ചെയ്തു. സഞ്ജുവിൽ വിശ്വാസമർപ്പിച്ച അവർക്ക് അധികംനാൾ കാത്തിരിക്കേണ്ടതായും വന്നില്ല. നിരവധി തഴയലുകൾക്കൊടുവിൽ 2023-ലെ വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ നയിക്കാൻ സഞ്ജുവിന് അവസരം ലഭിച്ചു. കൂടാതെ ഡിസംബർ 10 മുതൽ നടക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഏകദിന ഇന്ത്യൻ ടീമിൽ സഞ്ജുവും ഉൾപ്പെട്ടിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ റെയിൽവേസിനെതിരെയുള്ള മത്സരത്തിൽ പരാജയം ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും എട്ട് ഫോറും ആറ് സിക്സറുമടങ്ങുന്ന തകർപ്പൻ സെഞ്ച്വറിയടിച്ച് കേരള നായകൻ സഞ്ജു സാംസൺ തന്നെ പരിഹസിച്ചവർക്കും മാറ്റിനിർത്തിയവർക്കുമുള്ള മറുപടി നൽകി.
സമീപ കാലത്ത് സഞ്ജു കളിക്കുന്ന ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നാണ് വിജയ് ഹസാരെ ട്രോഫിയിലെ തിളക്കം. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുമ്പുള്ള ഈ നേട്ടം താരത്തിന്റെ ആത്മവിശ്വാസം വാനോളം വർധിപ്പിക്കുമെന്നത് ഉറപ്പാണ്. മികച്ച ഫോമിൽ തിരിച്ചെത്തിയ സഞ്ജുന്റെ പ്രകടനം കാണാൻ ആരാധകരും കാത്തിരിക്കുകയാണ്, ഇനിയൊരു വീഴ്ചയുണ്ടാകരുതേ എന്ന പ്രാർത്ഥനയോടെ…