ഖത്തറിലെ അൽ ഖോറിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച മൂന്ന് മലയാളികളുടെ സംസ്കാരം ഇന്ന്. കൊല്ലം അഴീക്കൽ കഴികൻ തുരുത്ത് പുതുവൽ ആൻസി ഗോമസ് (29), ഭർത്താവ് ശക്തികുളങ്ങര കല്ലുംമൂട്ടിൽ തോപ്പിൽ റോഷൻ ജോൺ (38), ആൻസിയുടെ സഹോദരനായ ജിജോ ഗോമസ് (34) എന്നിവരുടെ സംസ്കാരമാണ് ഇന്ന് ശക്തികുളങ്ങരയിൽ വച്ച് നടക്കുക.
റോഷന്റെയും ആൻസിയുടേയും മൃതദേഹങ്ങൾ ഇന്ന് പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലും ജിജോയുടേത് കൊച്ചി വിമാനത്താവളത്തിലും ആയിരുന്നു എത്തിച്ചത്. രാവിലെ ഏഴ് മണിക്ക് ശക്തികുളങ്ങരയിലെ കുടുംബ വീട്ടിൽ റോഷൻ ജോണിന്റെയും ആൻസി ഗോമസിന്റെ മൃതദേഹങ്ങൾ ഭവന ശുശ്രൂഷയ്ക്ക് എത്തിക്കും. ശേഷം ഒൻപത് മണിക്ക് ശക്തികുളങ്ങര സെന്റ് ജോൺ ഡി ബ്രിറ്റോ ചർച്ചിൽ സംസ്കരിക്കും.
അതേസമയം ജിജോ ഗോമസിന്റെ മൃതദേഹം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് അഴീക്കലിലെ വീട്ടിലെത്തിക്കുകയും വൈകുന്നേരം നാല്മണിക്ക് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ സംസ്കരിക്കും. മൃതദേഹങ്ങളോടൊപ്പം പ്രവാസി സംഘടന പ്രതിനിധികളായ സുനിൽ വില്യംസ്, ഫയസ് എന്നിവരും എത്തിയിരുന്നു. ഖത്തർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഐസിബിഎഫ്, ഒഐസിസി – ഇൻകാസും ഇടപെട്ടാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗം പൂർത്തീകരിച്ചത്.
റോഷൻ-ആൻസി ദമ്പതികളുടെ ഏക മകനായ ഏദൻ റോഷൻ (3) അപകടത്തിൽ പരുക്കേറ്റ് അൽ ഖോർ സിദ്ര മെഡിസിൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഏദനെ പിന്നീട് നാട്ടിലെത്തിക്കും. റോഷൻ ജോണിന്റെ മാതാവ് ഫ്ലോറ ജോൺ അടുത്ത ദിവസം ഖത്തറിലേക്ക് പോകുമെന്നും കുടുംബാംഗങ്ങൾ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിക്കാണ് ദോഹ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെ അൽ ഖോർ ഫ്ലൈഓവറിൽ വച്ച് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച കാറിൽ പിന്നിൽ മറ്റൊരു വാഹനം ഇടിക്കുകയും നിയന്ത്രണം വിട്ട് പാലത്തിൽ വീഴുകയുമായിരുന്നു. ഇവർക്കൊപ്പം സഞ്ചരിച്ച റോഷൻ ജോണിന്റെ സുഹൃത്ത് തമിഴ്നാട് സ്വദേശി പ്രവീൺ കുമാർ ശങ്കർ (38), ഭാര്യ നാഗലക്ഷ്മി ചന്ദ്രശേഖരൻ (33) എന്നിവരും അപകടത്തിൽ മരിച്ചു.