തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മുൻ ബാങ്ക് പ്രസിഡന്റ് എൻ ഭാസുരാംഗനെ സിപിഐയിൽ നിന്നും പുറത്താക്കി. ആരോപണത്തിന് പിന്നാലെ ഭാസുരാംഗനെ പാർട്ടി ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും പ്രാഥമികാംഗത്വത്തിലേക്ക് നേരത്തെ തരംതാഴ്ത്തിയിരുന്നു. കുറച്ചുകൂടി ഗൗരവമായ സാഹചര്യമാണെന്ന് വിലയിരുത്തിയാണ് പാർട്ടിയിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചത്.
ഇന്ന് രാവിലെ ചേർന്ന ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് ഭാസുരാംഗനെ പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചതെന്ന് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അറിയിച്ചു.പരാതി ഉയർന്നതിന് പിന്നാലെ ഭാസുരാംഗനെതിരെ പാർട്ടി രണ്ടു തവണ നടപടി സ്വീകരിച്ചു. ആദ്യം ഭാസുരാംഗനെ ജില്ലാ കൗൺസിലിൽ നിന്നും മണ്ഡലം കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. പിന്നീട് ബാങ്കിന്റെ അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് ഭാസുരാംഗനെ പ്രാഥമികാംഗത്വത്തിലേക്കും തരംതാഴ്ത്തി. കേസിൽ ഇഡി നിയമപരമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അന്വേഷണം നടക്കട്ടെയെന്നും മാങ്കോട് രാധാകൃഷ്ണൻ പറഞ്ഞു.
ഭാസുരാംഗൻ പ്രസിഡന്റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്. മതിയായ ഈടില്ലാതെയും ക്രമവിരുദ്ധമായും കോടികൾ വായ്പ നൽകി തുടങ്ങിയ ഗുരുതര ക്രമക്കേടുകളിലൂടെ 101 കോടി രൂപയുടെ സാമ്പത്തിക ശോഷണം ബാങ്കിനുണ്ടായെന്നാണു സഹകരണ വകുപ്പിന്റെ കണ്ടെത്തൽ.