കോവിഡ് 19 മഹാമാരിയെ തുടർന്ന് പ്രഖ്യാപിച്ചിരുന്ന ആരോഗ്യ അടിയന്തരാവസ്ഥ ലോകാരോഗ്യസംഘടന പിൻവലിച്ചു. സംഘടന തലവൻ ടെഡ്രോസ് അദാനോം ഗീബർസിയുസസാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിക്കുന്നത്.
2020 ജനുവരി 30നാണ് കോവിഡിനെ തുടർന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആറ് മില്യൺ ആളുകൾ കോവിഡിനെ തുടർന്ന് മരിച്ചെന്നാണ് ലോകാരോഗ്യ സംഘടനയുടെ ഏകദേശ കണക്ക്.
എന്നാൽ ലോകമെങ്ങും ഇപ്പോഴും കോവിഡ് ഭീഷണി തുടരുന്നുണ്ടെന്ന് സംഘടന വ്യക്തമാക്കി. തെക്ക്-കിഴക്കൻ ഏഷ്യയിൽ ഉൾപ്പടെ രോഗബാധയുള്ളത് ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആയിരക്കണക്കിന് ആളുകൾ കോവിഡ് മൂലം ഇപ്പോഴും മരിക്കുന്നുണ്ടെന്നു ലോകാരോഗ്യ സംഘടന കൂട്ടിച്ചേർത്തു.