കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് യുഎഇ സര്‍ക്കാറിന്‍റെ പ്രത്യക മാധ്യമ സമ്മേളനം തിങ്കളാഴ്ച വൈകിട്ട്. അധികം വിശദീകരണമില്ലാതെ പുതിയ സാഹചര്യങ്ങളും കണക്കുകളും സുപ്രധാനമാറ്റങ്ങളും പ്രഖ്യാപിക്കുമെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.
മഹാമാരി സമയത്ത് വൈറസിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിന് രണ്ടാഴ്ചയിലൊരിക്കൽ വിശദീകരണങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ ആഴ്ച ഏറ്റവും കുറവ് രോഗവ്യാപന നിരക്കിലേക്ക് താഴ്ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ വിശദീകരണത്തിന് തയ്യാറെടുക്കുന്നത്.
ഞായറാഴ്ച ആകെ 355 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നാല് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഓഗസ്റ്റ് 31 മുതൽ കേസുകളുടെ എണ്ണം 500ൽ താഴെയാണ്. അസാധാരണമായ സംഭവവികാസങ്ങൾ ഉണ്ടായാൽ മാത്രമേ കടുത്ത നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കൂ എന്ന് നേരത്തെ യുഎഇ വ്യക്തമാക്കിയിരുന്നു.
മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് അൽ ഹോസ്‌ൻ ആപ്പിൽ ഗ്രീന്‍ പാസ് വേണമെന്നതാണ് നിലവിലുളള പ്രധാന നിയന്ത്രണങ്ങളിലൊന്ന്. കഴിഞ്ഞ ഫെബ്രുവരി മുതൽ പുറം സ്ഥലങ്ങളിലെ മാസ്ക് ഉപയോഗത്തിന് യുഎഇ ഇളവുകൾ നല്‍കിയിട്ടുണ്ട്. അതേസമയം സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ടും ഈദ് അല്‍ അദ്ഹ വേളയിലും യുഎഇ പ്രത്യക നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിരുന്നു.
2020 മാർച്ചിലാണ് ലോകാരോഗ്യ കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചത്. വൈറസ് പ്രത്യക്ഷപ്പെട്ടതിനുശേഷം ലോകമെമ്പാടും ഏകദേശം 615 ദശലക്ഷം കോവിഡ് -19 കേസുകളും 6.5 ദശലക്ഷത്തിലധികം മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസിനെതിരായ പൊരാട്ടങ്ങൾ ഫല പ്രാപ്തിയില്‍ എത്തുന്നതായി ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് യുഎഇ പുതിയ പ്രഖ്യാപനത്തിനായി തയ്യാറെടുക്കുന്നത്.