യുഎഇയിലെ കോർപ്പറേറ്റ് നികുതി രജിസ്ട്രേഷൻ നടപടികൾ ഇതുവരെ പൂർത്തിയാക്കാത്തവരാണോ നിങ്ങൾ. എങ്കിൽ കോർപ്പറേറ്റ് ടാക്സ് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ജൂലൈ 31ന് മുമ്പ് നടപടികൾ പൂർത്തിയാക്കാത്തവർക്ക് കടുത്ത പിഴയാണ് ചുമത്തപ്പെടുകയെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി മുന്നറിയിപ്പ് നൽകി.
മെയ് മാസത്തിൽ ലൈസൻസ് നേടിയിട്ടുള്ള സ്ഥാപനങ്ങൾ തങ്ങളുടെ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ അപേക്ഷകൾ ജൂലൈ 31-ന് മുൻപായി സമർപ്പിക്കണമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. സമയബന്ധിതമായി ഈ നടപടികൾ പൂർത്തിയാക്കാത്തവർക്ക് 10,000 ദിർഹമാണ് പിഴയായി ചുമത്തുന്നത്.
ഇമാറാ ടാക്സ് എന്ന പ്ലാറ്റ്ഫോം വഴിയും ഫെഡറൽ ടാക്സ് അതോറിറ്റിയുടെ അംഗീകൃത ടാക്സ് ഏജന്റ്മാർ വഴിയും തസ്‌ഹീൽ ഗവൺമെന്റ് സേവന കേന്ദ്രം വഴിയും നികുതി ദാതാക്കൾക്ക് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ https://tax.gov.ae/ar/default.aspx എന്ന വെബ്‌സൈറ്റിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.