22 ഇന്ത്യക്കാരടങ്ങിയ ചരക്കുകപ്പൽ ബാൾട്ടിമോർ പാലത്തിലിടിച്ചുണ്ടായ അപകടത്തിൽ കപ്പലിലെ മുഴുവൻ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പുഴയിൽ വീണ രണ്ട് പേരെ രക്ഷപ്പെടുത്തി. യുഎസ് സംസ്ഥാനമായ മേരിലാൻഡിലെ തുറമുഖമായ ബാൾട്ടിമോറിൽ നാലുവരിപ്പാലത്തിലിടിച്ച ചരക്കുകപ്പലിന്റെ മാനേജിങ് കമ്പനി മലയാളിയുടേതെന്ന റിപ്പോർട്ടും ഇതിനിടെ പുറത്തുവന്നു. പാലക്കാട് സ്വദേശി ക്യാപ്റ്റൻ രാജേഷ് ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള സിനർജി മറൈൻ ഗ്രൂപ്പ് ആണു കപ്പലിന്റെ മാനേജിങ് കമ്പനി.
അർധരാത്രിക്കുശേഷമുണ്ടായ അപകടത്തിൽ 2.57 കിലോമീറ്റർ നീളമുള്ള ഫ്രാൻസിസ് സ്കോട് കീ ബ്രിജാണു തകർന്നത്. ഈ സമയം പാലത്തിലുണ്ടായിരുന്ന ഒട്ടേറെ വാഹനങ്ങൾ പുഴയിൽ വീണു. പാലത്തിൽ അറ്റകുറ്റപ്പണിയെടുത്തിരുന്ന ആറു തൊഴിലാളികളും വെള്ളത്തിൽ വീണു. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. സിംഗപ്പൂർ ആസ്ഥാനമായ ഗ്രേസ് ഓഷൻ പ്രൈവറ്റ് ലിമിറ്റഡ് ഉടമസ്ഥതയിലുള്ള ചരക്കുകപ്പൽ ‘ഡാലി’യിലെ 22 ജീവനക്കാരും ഇന്ത്യക്കാരാണ്. ഇവരെല്ലാം സുരക്ഷിതരാണെന്നു കമ്പനി അറിയിച്ചു. ലോക പ്രശസ്ത സ്പാനിഷ് ചിത്രകാരൻ സാൽവദോർ ഡാലിയുടെ പേരാണു കപ്പലിന്.
ബാൾട്ടിമോറിൽനിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് യാത്ര തിരിച്ച് മിനിറ്റുകൾക്കുള്ളിലാണ് കപ്പൽ ഫ്രാൻസിസ് സ്‌കോട്ട് കീ പാലത്തിൽ ഇടിച്ചത്. പാലത്തിന്റെ പ്രധാന തൂണിൽ കപ്പൽ ഇടിച്ച് പാലത്തിന്റെ വലിയൊരു ഭാഗം ഒന്നാകെ തകർന്നുവീണു. അപകടത്തിൽ കപ്പലിന് തീപിടിക്കുകയും ഡീസൽ നദിയിൽ കലരുകയും ചെയ്തു. സംഭവസമയം പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങൾ വെള്ളത്തിലേക്ക് പതിച്ചു. സംഭവത്തിൽ എഫ്ബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.