അനില്‍ ആന്‍റണിയുടെ ബിജെപി പ്രവേശനത്തെക്കുറിച്ച് എലിസബത്ത് ആന്‍റണി നടത്തിയ വെളിപ്പെടുത്തലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും അണികള്‍ക്കും അമര്‍ഷം. എ കെ ആന്‍റണിയുടെ രാഷ്ട്രീയ ആദര്‍ശത്തെ ഇല്ലാതാക്കുന്ന പ്രതികരണമാണ് എലിസബത്ത് നടത്തിയതെന്ന വിമര്‍ശനമാണ് ഉയരുന്നത്
പാര്‍ട്ടിക്ക് നാണക്കേടായെന്നാണ് വിലയിരുത്തല്‍. മികച്ച അവസരം തേടിയാണ് പാര്‍ട്ടി വിട്ടതെന്നും തന്‍റെ അറിവോടെയായിരുന്നു അതെന്നും എലിസബത്ത് വ്യക്തമാക്കിയിരുന്നു. അനില്‍ സ്വതന്ത്ര തീരുമാനമെടുക്കാന്‍ കെല്‍പ്പുള്ള വ്യക്തിയാണെന്നും ബിജെപിയിലേക്ക് പോയത് വ്യക്തിപരമായ തീരുമാനമായിരുന്നു എന്നാണ് എ കെ ആന്‍റണി നേരത്തേ പ്രതികരിച്ചത്. അനില്‍ ബിജെപിയിലേക്ക് പോയത് തന്‍റെ അറിവോടെയാണെന്നും ബിജെപിയോടുള്ള തന്‍റെ അറപ്പും വെറുപ്പും മാറിയെന്നുമുള്ള എലിസബത്തിന്‍റെ സാക്ഷ്യം പറച്ചില്‍ പുറത്ത് വന്നതോടെ, ആന്‍റണിയുടെ വീട്ടില്‍ എത്ര ബിജെപിക്കാരുണ്ട് എന്ന ചോദ്യമാണ് ഉയരുന്നത്.
മക്കളെ രാഷ്ട്രീയത്തിൽ വളർത്താൻ എ.കെ ആന്റണി ശ്രമിച്ചിട്ടില്ലെന്നും അനിൽ ആന്റണി ബിജെപിയിൽ ചേരുന്നകാര്യം ആന്റണി അറിയുന്നതിന് മുമ്പ് തനിക്ക് അറിയാമായിരുന്നെന്നുമാണ് എലിസബത്ത് വ്യക്തമാക്കിയത്. ചിന്തൻ ശിബിരത്തിൽ മക്കൾ രാഷ്ട്രീയത്തിനെതിരെ കോൺഗ്രസ് പ്രമേയം പാസാക്കിയെന്നും ഇതോടെയാണ് രണ്ട് മക്കൾക്കും എത്ര ആഗ്രഹിച്ചാലും രാഷ്ട്രീയത്തിലേക്ക് വരാൻ കഴിയാതെയായതെന്നും എലിസബത്ത് ആന്റണി കൂട്ടിച്ചേർത്തു. നിരവധി രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച സംഭവമായിരുന്നു അനിൽ ആൻ്റണിയുടെ ബിജെപിയിലേയ്ക്കുള്ള ചേക്കേറൽ.