സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പ്രാബല്യത്തിൽ വന്നു. ഒരു സ്പോൺസറുടെ കീഴിൽ നാലിൽ കൂടുതൽ വീട്ടുജോലിക്കാർ ഉണ്ടെങ്കിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു. സൗദി കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസും (സിഎച്ച്ഐ) ഇൻഷുറൻസ് അതോറിറ്റിയും (ഐഎ) ചേർന്നാണ് പുതിയ നിയന്ത്രണം നടപ്പാക്കിയത്.
കോ-പേയ്‌മെന്റില്ലാതെ ആശുപത്രി പ്രവേശനം, പരിധിയില്ലാത്ത അത്യാഹിത വിഭാഗം ചികിത്സ, പ്രതിരോധ കുത്തിവയ്പ്, മെഡിക്കൽ പരിശോധന എന്നിവ ഇൻഷുറൻസിൽ ഉൾപ്പെടും. പദ്ധതി സൗദി കുടുംബങ്ങളിൽ ജോലി ചെയ്യുന്ന 3.7 ദശലക്ഷം തൊഴിലാളികൾക്ക് പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ.
രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ ക്ഷേമം സംരക്ഷിക്കാനും അവർക്ക് സമഗ്രമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കാനും പുതിയ നയം ലക്ഷ്യമിടുന്നതായ സിഎച്ച്ഐയുടെ വക്താവ് ഇമാൻ അൽ-താരിഖി പറഞ്ഞു. വിദേശ തൊഴിലാളികെ തൊഴിലുടമകളുമായി ബന്ധിപ്പിക്കുന്ന കഫാല (സ്‌പോൺസർഷിപ്പ്) സമ്പ്രദായം നിർത്തലാക്കുന്നത് ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച ചർച്ചകൾ തുടരുകയാണെന്നും അധികൃതർ സൂചിപ്പിച്ചു.