കുവൈറ്റിലെ റോഡുകളിലൂടെ വലിയ ശബ്ദത്തിലോ പുതിയ രൂപത്തിലോ വാഹനങ്ങൾ ചീറിപ്പായുന്നത് കണ്ടാൽ പിടി വീഴും. വാഹനങ്ങളിലെ അനധികൃത രൂപമാറ്റത്തിനും ശബ്ദവർധനവിനുമെതിരെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നടപടി ആരംഭിച്ചു കഴിഞ്ഞു. വാഹനങ്ങളുടെ സ്വാഭാവിക രൂപ ത്തിന് മാറ്റം വരുത്തുക, പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടാവുന്ന രീതിയിൽ ശബ്ദം വർധിപ്പിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ നിരവധി ശ്രദ്ധയിൽ വന്ന സാഹചര്യത്തിലാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് കുവൈറ്റിലെ വാഹന വർക്ക് ഷോപ്പുകളുടെ ഏറ്റവും വലിയ കേന്ദ്രമായ ഷുവൈഖിൽ ആഭ്യന്തര മന്ത്രാലയ ഉദോഗസ്ഥർ പരിശോധന നടത്തി.
വാണിജ്യ വ്യവസായ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ അദ്വാനി, ബ്രിഗേഡിയർ ജനറൽ അഷ്റഫ് അൽ അമീർ എന്നിവരുടെ നേതൃത്വത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥരാണ് പ്രസ്തുത സ്ഥലങ്ങളിൽ പരിശോധന നടത്തിയത്. പരിശോധനയിൽ അനധികൃത ഗാരേജ് അടച്ചുപൂട്ടുകയും നൂറോളം നിയമ ലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. ഇത്തരത്തിൽ നിയമലംഘനം നടത്തി പ്രവർത്തിക്കുന്നഗ്യാരേജുകൾക്കെതിരെയുള്ള ക്യാംപെയ്നുകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയ അധികൃതർ വ്യക്തമാക്കി.