യുഎഇയിൽ പകൽ ചൂടിന്റെ കാഠിന്യം കുറയാത്തതിനാൽ പുറംതൊഴിലാളികളുടെ ഉച്ചവിശ്രമ കാലാവധി നീട്ടി. ഈ മാസം മുഴുവൻ ഉച്ചവിശ്രമം തുടരുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. സെപ്റ്റംബർ 15-ഓടെ രാജ്യത്തെ പുറംതൊഴിലാളികളുടെ മധ്യാഹ്ന ഇടവേള അവസാനിക്കാനിരിക്കെയാണ് തീരുമാനം.
അന്തരീക്ഷ ഊഷ്‌മാവ് വർധിച്ചതിന് പുറമെ രാജ്യത്ത് പൊടിക്കാറ്റും ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ തൊഴിലാളികളുടെ ആരോഗ്യം പരിഗണിച്ചാണ് 15 ദിവസം കൂടി ഉച്ചവിശ്രമം നീട്ടിയത്. മുമ്പ് തീരുമാനിച്ചിരുന്ന കാലാവധി കഴിയുന്ന സാഹചര്യത്തിൽ ഉച്ചയ്ക്കു പുറം ജോലികൾക്ക് ആളുകളെ നിയോഗിച്ചാൽ കർശനമായ നടപടി നേരിടേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.30 മുതൽ 3 മണി വരെയാണ് തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നത്.
വേനലിലെ ശക്തമായ ചൂടിൽ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്. നിയമലംഘനം നടത്തുന്നവർക്ക് 50,000 ദിർഹം വരെ പിഴ ചുമത്തുകയും ചെയ്യും. മധ്യാഹ്ന ഇടവേളയിൽ ജോലി ചെയ്യുന്ന ഓരോ ജീവനക്കാരനും തൊഴിലുടമകൾ 5,000 ദിർഹം വീതമാണ് പിഴ ചുമത്തുക. നിരവധി ജീവനക്കാർ ജോലി ചെയ്താൽ 50,000 ദിർഹം വരെയും പിഴ ചുമത്തും.