തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാരോപിച്ച് കിഴക്കമ്പലത്ത് ട്വന്റി 20 തുടങ്ങിയ മെഡിക്കൽ സ്റ്റോർ തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസർ കൂടിയായ കലക്ടർ അടപ്പിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പ് മാർച്ച് 16നു പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മാർച്ച് 21നാണു മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്യുന്നത്. ഇവിടെ നിന്ന് 80% വിലക്കുറവിൽ മരുന്നുകൾ ലഭിക്കുമെന്നതു വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കമാണെന്നു ചൂണ്ടിക്കാട്ടി സുധീർ സി.എസ്., അൽത്താഫ് എം.എം. എന്നിവരാണു പരാതി നൽകിയത്.
ട്വന്റി 20 കൺവീനർ സാബു എം.ജേക്കബും പാർട്ടിയും തങ്ങളുടെ ഔദ്യോഗിക അക്കൗണ്ടുകളിൽ മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം സംബന്ധിച്ച് പങ്കുവച്ചിട്ടുള്ള വിഡിയോ നീക്കം ചെയ്യാനും നിർദേശമുണ്ട്. പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയെന്നു വ്യക്തമാക്കിയാണു കലക്ടറുടെ ഉത്തരവ്. ഇത്തരത്തിൽ വോട്ടർമാരെ പ്രലോഭിപ്പിക്കുന്ന വിധത്തിൽ സൗജന്യങ്ങളോ മറ്റ് വാഗ്ദാനങ്ങളോ നൽകി വോട്ടു പിടിക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ്.