മണിപ്പൂർ കലാപത്തിൽ നിലപാട് വ്യക്തമാക്കി കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഫെയ്സ് ബുക്ക് കുറിപ്പ്. അന്ത്യന്തം ഭയാനകവും മനുഷ്യമനസാക്ഷിയെ മുറിവേൽപ്പിക്കുന്നതുമായ ദൃശ്യങ്ങളും വാർത്തകളുമാണ് മണിപ്പൂരിൽനിന്ന് അനുദിനം പുറത്തുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അങ്ങേയറ്റം നിന്ദ്യവും ക്രൂരവുമായ രീതിയിലാണ് കുക്കി വിഭാഗത്തിലെ സ്ത്രീകൾ ആൾക്കൂട്ട കലാപകാരികളാൽ വേട്ടയാടപ്പെട്ടത്. ചരിത്രപരമായ വൈരുദ്ധ്യങ്ങൾക്കുമേൽ എരിതീയിൽ എണ്ണയൊഴിച്ച് വർഗ്ഗീയമായി ആളിക്കത്തിക്കാനുളള നീക്കമാണ് പിന്നിലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ആസൂത്രിതമായ ക്രൈസ്തവ വേട്ടയാണ് കലാപത്തിൻ്റെ മറവിൽ നടക്കുന്നതെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിൻ്റേത് കുറ്റകരമായ മൗനമാണ്. ജനാധിപത്യ വിരുദ്ധ നീക്കങ്ങളെ ശക്തമായി നേരിടണമെന്നും അധികാര രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വിദ്വേഷം വിതക്കുന്ന സംഘപരിവാർ അജണ്ടയെ രാജ്യത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ഫെയ്സ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.