കമ്മട്ടിപ്പാടത്തെ അഴുക്കു ചാലിൽ നിന്ന് ഇന്ത്യൻ സിനിമയുടെ നെറുകയിൽ സ്വന്തം സ്ഥാനം കെട്ടിപ്പടുത്ത ഒരു കലാകാരൻ. വളർച്ചക്കൊപ്പം വാനോളം വിവാദങ്ങളിലും നായകനായവൻ. മലയാളികൾക്ക് സുപരിചിതനായ ആ നടൻ്റെ പേരാണ് വിനായകൻ. അയാളിലെ നടനേക്കാൾ അളന്നു കുറിച്ചുള്ള വാക്കുകളെ, അയാൾ ഉയർത്തുന്ന ചോദ്യങ്ങളെ, മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങളെ ഒക്കെ അഴുക്കുചാലിലെ ഒഴുക്കായി മാത്രം കാണുന്നവരാണ് വിനായകനിലെ വിവാദങ്ങൾക്ക് തിരികൊളുത്തുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമാ ലോകത്ത് ഇത്രത്തോളം വിമർശനം നേരിടേണ്ടി വന്ന കലാകാരൻ ഒരുപക്ഷെ വിനായകൻ മാത്രമായിരിക്കും. ദളിതനെന്ന ലേബൽ എന്തും ചെയ്യാം എന്നതിനുള്ള ലൈസെൻസ് അല്ല എന്നാണ് പ്രധാന വിമർശനം. ഇരവാദമെന്ന രീതിയിൽ വിനായകനിലെ നായകനെ ഇകഴ്ത്താനുളള ശ്രമങ്ങളും ചെറുതല്ല. എങ്കിലും വിനായകൻ ചോദിക്കുന്ന ചോദ്യങ്ങളോട് യോജിക്കുന്ന കൂട്ടരുമുണ്ട്. പിന്നാലെ കൂടിയ വിവാദങ്ങളെയൊക്ക സിനിമയിലെ വിജയം കൊണ്ട് തോൽപ്പിക്കുകയാണ് വിനായകൻ വീണ്ടും വീണ്ടും.
നൃത്തത്തിലൂടെയായിരുന്നു വിനായകൻ ടികെ യുടെ ചലച്ചിത്രമേഖലയിലേക്കുള്ള തുടക്കം. സ്വന്തമായി ഒരു നൃത്തസംഘം നടത്തിയിരുന്ന താരം ഫയർ ഡാൻസിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റി. 1995 ഇൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച ‘മാന്ത്രിക’മായിരുന്നു വിനായകൻ്റെ ആദ്യ ചിത്രം. സ്റ്റോപ്പ് വയലൻസിലെ ‘മൊന്ത’ എന്ന കഥാപാത്രമാണ് വിനായകനെ മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതനാക്കിയത്. പിന്നീടുവന്ന സിനിമകളിൽ അന്ധനായും ഡാൻസർ ആയും വില്ലനായും വിനായകൻ തിളങ്ങി. ബാച്ചിലർ പാർട്ടിയിലെ ‘ഫക്കീർ’ വിനായകൻ്റെ മറ്റൊരു ലെവൽ കാണിച്ചു തന്ന കഥാപാത്രമായിരുന്നു.
വലിയൊരു വഴിത്തിരിവ്, അതായിരുന്നു ‘കമ്മട്ടിപ്പാടം’. “എടാ… ഗംഗേടാ…” എന്ന് മതിലിൻ്റെ മുകളിൽ കയറി കൃഷ്ണനെ ഫോണിൽ വിളിച്ച് സംസാരിക്കുന്ന ആ ഒരൊറ്റ സീൻ മതിയാവും വിനായകനിലെ നായകനെ തിരിച്ചറിയാൻ. ഒരു സാധാരണ നടനിൽ നിന്ന് ‘അസാധാരണമായ’ നായകനിലേക്കുള്ള കാൽവെപ്പായിരുന്നു കമ്മട്ടിപ്പാടത്തിൻ്റെ സ്വന്തം വിനായകൻ ടികെയുടേത്. ആ മാസ്മരിക പ്രകടനത്തിന് സംസ്ഥാന പുരസ്‌കാരം നൽകി കേരളം ആദരിച്ചു.
ബിഗ് ബിയിലെ, ഛോട്ടാ മുംബൈയിലെ, ഇയ്യോബിൻ്റെ പുസ്തകത്തിലെ… അങ്ങനെ നീണ്ട് നിവർന്ന് കിടക്കുകയാണ് വിനായകൻ്റെ മലയാളത്തിലെ വില്ലൻ വേഷങ്ങൾ. അതിനുമപ്പുറം അറിയാൻ അയൽ നാട്ടിലേക്ക് വണ്ടി കേറണം. അവിടെയാണ് വിനായകൻ്റെ വില്ലനിസം ശരിക്കും കാണാൻ കഴിയുക.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ വിനായകനിലെ വില്ലനെ ഏറ്റവും കൂടുതൽ എക്സ്പോസ് ചെയ്തിട്ടുള്ളത് തമിഴ് സിനിമയാണെന്ന് പറയാം. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈയിടെ പുറത്തിറങ്ങിയ ‘ജയിലറിലെ ‘ വർമൻ. വർമൻ തകർത്തടുകയായിരുന്നു. സൂപ്പർ സ്റ്റാറിനെ വരെ വിറപ്പിച്ച പ്രകടനം. തമിഴ് സിനിമാ ലോകത്തെ മികച്ച വില്ലനായി വിനായകൻ തിളങ്ങി. കാരണം മറ്റേത് റോളിനെക്കാളും വിനായകൻ ചെയ്യുന്ന പ്രതിനായകൻ്റെ വേഷം എന്നും ഒരുപടി മുന്നിലായിരിക്കും എന്നതുതന്നെ.
വിവാദങ്ങൾ വിനായകൻ്റെ കൂടെ കൂട്ടിയിട്ട് വർഷങ്ങൾ കുറച്ചായി. സ്വകാര്യ ജീവിതത്തിലും അല്ലാതെയും പ്രശ്നങ്ങൾ കൊണ്ട് വിനായകൻ വാർത്തകളിൽ നിറഞ്ഞു നിന്ന താരമാണ്. തുറന്ന് പറച്ചിലുകൾ കൊണ്ടും തനിക്കെതിരെ എറിയുന്ന ചോദ്യങ്ങളോട് പ്രതികരിക്കുന്ന വ്യത്യസ്തമായ രീതികൊണ്ടുമാണത്.
സമൂഹം മാന്യൻ എന്ന് ‘മുദ്രകുത്തുന്നതിന് ‘ ചില മാനദണ്ഡങ്ങൾ ഉണ്ട്. ശുദ്ധ മലയാളമോ അല്ലെങ്കിൽ ആംഗലേയം കുത്തികയറ്റിയ മംഗ്ലീഷോ ആയിരിക്കണം ഭാഷ, നല്ല വസ്ത്രധാരണം, പ്രതികരണങ്ങൾ തുടങ്ങി എന്തു കാര്യവുമാവട്ടെ ഇരിക്കാനും നിക്കാനും കിടക്കാനും എല്ലാം സമൂഹം കൽപ്പിക്കുന്ന ചില ‘മാനേഴ്സ്’ ഉണ്ട്. എന്നാൽ അതിനെയെല്ലാം അപ്പാടെ പൊളിച്ചെഴുതിയ വ്യക്തികൂടിയാണ് വിനായകൻ.
വാർത്താ സമ്മേളനത്തിനിടയിലെ മീറ്റൂ വിവാദവും കുടുംബ ജീവിതത്തിലെ പ്രശ്നങ്ങളും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ അപമാനിച്ചുകൊണ്ടുള്ള ഫേസ്ബുക് ലൈവുമെല്ലാം വിനായകൻ്റെ വിവാദങ്ങളിൽ ചിലതാണ്. വീട്ടിലേക്ക് കയറിവന്ന പോലീസുകാരിൽ ഒരാൾ ഔദ്യോഗിക വസ്ത്രമണിയാത്തത് ശ്രദ്ധയിൽ പെട്ടപ്പോൾ ഐഡി കാർഡ് ചോദിച്ചതിനും വിനായകന് പോലിസ് സ്റ്റേഷൻ കയറേണ്ടിവന്നു. ഒരു നടനാണെന്ന പരിഗണന അയാൾ ആഗ്രഹിച്ചില്ല. പക്ഷെ ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ ഓരോ വ്യക്തിയുടെയും അവകാശമാണ് അവിടെ വിനായകന് നിഷേധിക്കപ്പെട്ടത്. ‘നീ’ എന്നും’എടാ’ എന്നുമൊക്കെ വിളിക്കാൻ ആരുടെയും കീഴാളൻ അല്ലല്ലോ അദ്ദേഹം.
വർഷങ്ങളായി ‘സമൂഹം’ നിറത്തിൻ്റേയും ജാതിയുടെയും ഭംഗിയുടെയും ജീവിത സാഹചര്യങ്ങളുടെയും മാനദണ്ഡങ്ങൾ വച്ച് അളക്കാൻ നോക്കിയിട്ടും ആ ചെളിക്കുണ്ടിൽ നിന്ന് പൂർവാധികം ശക്തിയോടെ അയാൾ വീണ്ടും വീണ്ടും ഉയിർത്തെഴുന്നേൽക്കുന്നു. ചോദ്യശരങ്ങൾക്ക് മുന്നിൽ ‘ബബ്ബബ്ബ’ പറയുന്ന മനുഷ്യർക്ക് മുന്നിൽ പോരാട്ടം തുടരുകയാണ് അയാൾ.
സമൂഹത്തിലെ മുഖം മൂടി അണിഞ്ഞ ‘മാന്യന്മാർക്ക്’ മുന്നിൽ സ്വന്തം വ്യക്തിത്വത്തെ ‘വെള്ള പൂശാതെ’ ഒറിജിനൽ ആയി ജീവിക്കുന്ന മനുഷ്യൻ, മണ്ണിനോടും മനുഷ്യനോടും 100 ശതമാനം ചേർന്ന് നിൽക്കുന്ന പച്ച മനുഷ്യൻ, ജീവിതത്തിലെ നേരിനെ വേരോടെ പിഴുതെടുക്കാനെത്തുന്ന വിവാദങ്ങളെ നോക്കി അയാൾ ഉറക്കെ ആവർത്തിക്കുന്നത് തിയേറ്ററുകൾ ഏറ്റെടുത്ത അതേ ഡയലോഗ് തന്നെ.. നൂറ് ശതമാനം പ്രൊഫഷണൽ.. മനസ്സിലായോ സാറേ..?
എഴുത്ത് – ദീപിക ചന്ദ്രൻ